+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പന്നിയുടെ ഹൃദയം മനുഷ്യനിൽ; ബാൾട്ടിമോർ ഡോക്ടർമാർ ചരിത്രം കുറിച്ചു

ബാൾട്ടിമോർ(മേരിലാൻഡ്): ലോകത്താദ്യമായി പരീക്ഷണാർഥം പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ചുപിടിപ്പിച്ച മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിലെ ഡോക്ടർമാർ ചരിത്രം കുറിച്ചു. ഡേവിഡ് ബെന്നറ്റ് എന്ന അന്പത്തേഴുകാരനായ രോഗ
പന്നിയുടെ ഹൃദയം  മനുഷ്യനിൽ; ബാൾട്ടിമോർ ഡോക്ടർമാർ ചരിത്രം കുറിച്ചു
ബാൾട്ടിമോർ(മേരിലാൻഡ്): ലോകത്താദ്യമായി പരീക്ഷണാർഥം പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ചുപിടിപ്പിച്ച മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിലെ ഡോക്ടർമാർ ചരിത്രം കുറിച്ചു.

ഡേവിഡ് ബെന്നറ്റ് എന്ന അന്പത്തേഴുകാരനായ രോഗിയിൽ ജനുവരി എട്ടിനായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കുശേഷം മൂന്നാം ദിവസവും രോഗി സുഖമായിരിക്കുന്നുവെന്ന് ജനുവരി 10നു ഡോക്ടർമാർ പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. ഇതു സംബന്ധിച്ചുള്ള ചിത്രങ്ങളും പ്രസിദ്ധീകരണത്തിനു നൽകിയിരുന്നു.

ജീവിക്കും എന്ന് യാതൊരു ഉറപ്പും ലഭിക്കാതെയാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ട്രാൻസ്പ്ലാന്‍റ് ശസ്ത്രക്രിയ നടത്തിയില്ലായിരുന്നുവെങ്കിൽ മരണം സുനിശ്ചിതവുമായിരുന്നു. മരണത്തെ അഭിമുഖമായി കണ്ടിരുന്ന ഡേവിഡിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകുമോ എന്ന പരീക്ഷണമായിരുന്നു ഇതെന്നും ഡോക്ടർമാർ കൂട്ടിചേർത്തു.

പതിറ്റാണ്ടുകളായി ഇതിനെകുറിച്ചു പഠനങ്ങളും ഗവേഷണങ്ങളും നടന്നുവരികയായിരുന്നുവെന്നും മൃഗങ്ങളുടെ ശാരീരികാവയവങ്ങൾ മനുഷ്യനിൽ എങ്ങനെ വച്ചുപിടിപ്പിക്കണം എന്നതിൽ ഒരു പരിധിവരെ വിജയം കൈവരിക്കാൻ കഴിഞ്ഞതായും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ പറഞ്ഞു.

ഈ പരീക്ഷണം വിജയിക്കുകയാണെങ്കിൽ മരണത്തെ അഭിമുഖീകരിക്കുന്ന നിരവധി പേരെ രക്ഷിക്കാനാകുമെന്ന് മേരിലാൻഡ് ട്രാൻസ് പ്ലാന്‍റ് പ്രോഗ്രാം സയന്‍റിഫിക് ഡയറക്ടർ ഡോ. മുഹമ്മദ് മൊയ്ദുൻ പറഞ്ഞു.

മനുഷ്യ അവയവദാനത്തിന് ലഭ്യ‌ത കുറഞ്ഞുവരുന്ന സാഹചര്യത്തിലാ‌ണ് മൃഗങ്ങളുടെ അവയവം വച്ചുപിടിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങൾ ആരംഭിച്ചത്. കഴിഞ്ഞവർഷം അമേരിക്കയിൽ 3800 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

പി.പി. ചെറിയാൻ