നിർബന്ധിത ക്വാറന്‍റൈൻ പിൻവലിക്കണം: കേളി സ്വിറ്റ്‌സർലൻഡ്

01:32 PM Jan 10, 2022 | Deepika.com
സൂറിച്ച്: വിദേശത്തുനിന്നെത്തുന്നവർ നാട്ടിൽ ഏഴു ദിവസം നിർബന്ധിത ക്വാറന്‍റീനിൽ കഴിയണമെന്ന കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ നിബന്ധന പിൻവലിക്കണമെന്ന് കേളി സ്വിറ്റ്‌സർലൻഡ് ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടു വർഷമായി പ്രായമായ സ്വന്തം മാതാപിതാക്കളെ ഒരുനോക്ക് കാണുവാൻപോലും കഴിയാത്ത പ്രവാസികൾ ഇപ്പോൾ നാട്ടിലെത്തിയാൽ നേരിടുന്ന പ്രയാസങ്ങൾ പലതാണ്. രണ്ടു ഡോസ് വാക്‌സിനേഷനും ബൂസ്റ്റർ ഡോസും എടുത്ത് യാത്രയ്ക്കു മുന്പ് കോവിഡ് ഇല്ലെന്നു ഉറപ്പുവരുത്തുന്ന പിസിആർ ടെസ്റ്റും നടത്തി നാട്ടിലെത്തുന്ന പ്രവാസികളെ കാത്തിരിക്കുന്നത് നാട്ടിലുള്ള ടെസ്റ്റുകൾ മാത്രമല്ല 7 ദിവസത്തെ നിർബന്ധിത ക്വാറന്‍റൈനും കുടിയാണ്.
രണ്ടാഴ്ച മാത്രം അവധി എടുത്തു മാതാപിതാക്കളെ കാണുവാൻ നാട്ടിലെത്തുന്ന ഇവർക്ക് ഇത് വലിയ ഒരു തടസം കൂടിയാണ്. പല രാജ്യങ്ങളും കോവിഡിനൊത്തു യാത്ര ചെയ്യുമ്പോൾ നമ്മൾ മാറി നിൽക്കുന്നത് ഒട്ടും മാതൃകയല്ലെന്ന് കേളി ഭാരവാഹികൾ അറിയിച്ചു.

അനുചിതമായ ക്വാറന്‍റൈനെതിരെ പ്രവാസി സമൂഹത്തോടൊപ്പം സ്വിസ് പ്രവാസികളുടെ പ്രതിഷേധം ഒരു മെമ്മോറാണ്ടത്തിലൂടെ ഇന്ത്യൻ എംബസികൾ, സംസ്ഥന സർക്കാരുകൾ, കേന്ദ്ര സർക്കാർ എന്നിവരെ അറിയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ജേക്കബ് മാളിയേക്കൽ