ലണ്ടൻ: ഇന്ത്യയുമായുള്ള സഖ്യ സുദൃഢമാക്കുക എന്ന തന്ത്രപരമായ നിലപാടിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് കുടിയേറ്റ നിയമനത്തിൽ ഇന്ത്യക്കാർക്കായി പ്രത്യേക ഇളവുകൾ പരിഗണിക്കുന്നു. സ്റ്റുഡന്റ് വിസയ്ക്ക് ഫീസ് ഒഴിവാക്കുന്നത് അടക്കമുള്ള സുപ്രധാന തീരുമാനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
പഠനത്തിനുശേഷം ബ്രിട്ടനിൽ ജോലി ചെയ്യാനുള്ള അവസരവും ലഭ്യമാക്കും. ഇന്ത്യയിൽനിന്നുള്ളവർക്ക് മൂന്നു വർഷത്തെ വർക്ക് വിസ നൽകാനുള്ള നിർദേശവും സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
ഈ വർഷം തന്നെ പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് സർക്കാരിന്റെ നടപടികൾ. ഇന്ത്യയുമായുള്ള വ്യാപാര കരാർ യാഥാർഥ്യമാക്കുന്നതിനു പ്രത്യുപകാരം എന്ന നിലയിൽ കൂടിയാണ് ഇതു പരിഗണിക്കുന്നത്. ഇതിനൊപ്പം, ദക്ഷിണേഷ്യയിലെ ചൈനയുടെ വർധിച്ചു വരുന്ന സ്വാധീനത്തെ പ്രതിരോധിക്കുന്നതിനും ബ്രിട്ടന് ഇന്ത്യയുടെ സഹായം അനിവാര്യമാണ്.
ഓസ്ട്രേലിയൻ പൗരൻമാർക്ക് നൽകുന്നതിനു സമാനമായ ഇളവുകളാണ് ഇപ്പോൾ ഇന്ത്യൻ പൗരൻമാർക്കായും പരിഗണിക്കപ്പെടുന്നത്. നിലവിൽ 1400 പൗണ്ട് ഫീസ് ഈടാക്കുന്ന വർക്ക്, ടൂറിസ്റ്റ് വിസകൾക്ക് നിരക്ക് ഇളവ് നൽകുന്നതും പരിശോധിക്കുന്നു.
ചെറുപ്പക്കാരായ ഇന്ത്യാക്കാർക്ക് ബ്രിട്ടനിൽ മൂന്ന് വർഷത്തേക്ക് താമസിക്കുവാനും ജോലിചെയ്യുവാനുമുള്ള വിസ ലഭിക്കും. ഇതിനു പുറമെ ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക് സ്റ്റുഡന്റ് വിസ ഫീസ് എടുത്തുകളയുവാനും പഠനശേഷം ഇന്ത്യൻ വിദ്യാർഥികൾക്ക് ബ്രിട്ടനിൽ താൽക്കാലികമായി താമസിക്കുവാനുള്ള അനുമതിയും ലഭിക്കും.
ജോസ് കുന്പിളുവേലിൽ
ബ്രിട്ടീഷ് കുടിയേറ്റ നയത്തിൽ ഇന്ത്യക്കാർക്ക് വൻ ഇളവുകൾ
12:02 AM Jan 04, 2022 | Deepika.com