കണ്ണൂർ: ചരക്ക് വാഹന തൊഴിലാളികളെ ജീവിക്കാൻ അനുവദിക്കുക ,നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങൾ വഴിയിൽ തടഞ്ഞുനിർത്തി പരിശോധന നടത്തുകയും അമിത പിഴ ഈടാക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കുക,എഫ്സിഐ ലോറി തൊഴിലാളികളുടെ ജോലി സംരക്ഷിക്കുക, ടിപ്പർ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ സമയ നിയന്ത്രണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ചരക്ക് വാഹന തൊഴിലാളികൾ പണിമുടക്കി. സംസ്ഥാനതല സമരത്തിന്റെ ഭാഗമായി ജില്ലയിൽ പണിമുടക്കിയ തൊഴിലാളികൾ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി കൺവീനർ എ. പ്രേമരാജൻ, എസ്ടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എം.എം. കരീം, കെ.പി. അസീസ്, കെ. ജയരാജൻ, വി.കെ.ബാബുരാജ്, കെ.പി. ബാലകൃഷ്ണൻ, ടി അശോകൻ, വി .ജലീൽ എന്നിവർ പ്രസംഗിച്ചു.