ഡബ്ലിൻ: യാത്രയ്ക്കായി ടിക്കറ്റെടുത്ത് വിമാനത്തിൽ പോകാനൊരുങ്ങിയിരുന്നപ്പോൾ അവിചാരിതമായി റദ്ദുചെയ്ത കേസിൽ അനാവശ്യ കാൻസലേഷൻ ഫീ വാങ്ങിയതിനെതിരെ കോടതിൽ സമർപ്പിച്ച കേസിൽ യാത്രക്കാർക്ക് അനുകൂല വിധി. മലയാളികളിളടങ്ങുന്ന യാത്രക്കാരിൽ ൽ നിന്നും അമിതമായ ക്യാൻസലേഷൻ ഫീസ് ഈടാക്കിയ ട്രാവൽ കന്പനി, തുക തിരിച്ചു നൽകണമെന്ന സുപ്രധാന വിധിയാണ് ഡബ്ളിൻ കോടതി പുറപ്പെടുവിച്ചത്.
കോവിഡ് കാലത്ത് കേരളത്തിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം പ്രതിസന്ധി രൂക്ഷമായതോടെ സാഹചര്യം കണക്കിലെടുത്ത് യാത്ര വേണ്ടെന്നുവച്ച നൂറുകണക്കിന് മലയാളികളിൽ നിന്ന് ചില ട്രാവൽ ഏജന്റുമാർ അമിതമായ ക്യാൻസലേഷൻ ഫീസ് ചാർജ് ഈടാക്കിയത്. കുടുംബ സമേതവും, ഒറ്റയ്ക്കും നാട്ടിൽ പോകാൻ മാസങ്ങൾക്കു മുന്പേ ഒട്ടനവധിയാളുകൾ ടിക്കറ്റുകൾ നിക്ക് ചെയ്തിരുന്നു. എന്നാൽ യാത്ര ചെയ്യാനാവാത്ത സാഹചര്യം വന്നപ്പോൾ ടിക്കറ്റു കാൻസലാക്കിയ പ്രവാസികൾക്ക് അടച്ച തുക നൽകാതെ മുട്ടാതർക്കം പറഞ്ഞ് മലയാളികളെ ബുദ്ധിമുട്ടിക്കുകയായിരുന്നു.
ഇതിനെതിരെ അയർലൻഡിലെ പ്രവാസി മലയാളികൾ പരസ്യ പ്രതിഷേധവുമായി രംഗത്തുവരികയും ഇൻഡോ ഐറിഷ് പാസഞ്ചർ ഫോറം എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ സമര രംഗത്തിറങ്ങുകയും ചെയ്തത് വലിയ ഒരു പ്രക്ഷോഭമായി പിന്നീട് മാറുകയും ഐറിഷ് ജനതതന്നെ ആശ്ചര്യപ്പെടുകയും ചെയ്തു.
യൂറോപ്പിലെയും അയർലൻഡിലെയും ഏവിയേഷൻ അതോറിറ്റികളുടെ നിയമങ്ങൾക്കും കോടതി വിധികൾക്കും വിരുദ്ധമായ തോതിലാണ് അയർലൻഡിലെ ട്രാവൽ ഏജന്റുമാർ ക്യാൻസലേഷൻ ഫീസ് ഈടാക്കിയത്. ചില ഏജൻസികൾ നിയമവിരുദ്ധമായി മുഴുവൻ തുകയ്ക്കും കൂപ്പണ് കൊടുത്തു യാത്രക്കാരെ സമാധാനിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ബുക്ക് ചെയ്ത മിക്കവരും ഇതിനു വഴങ്ങാതെ വന്നു.
കൊടും തണുപ്പത്തും മഴയിലും ട്രാവൽ ഏജൻസികളുടെ ഓഫീസിനു മുന്പിൽ മലയാളികൾ പിക്കറ്റിംഗ് ഉൾപ്പടെയുള്ള പ്രതിഷേധങ്ങളും നടത്തിയത് അയർലൻഡുകാർ സാക്ഷ്യം വഹിച്ചു. ഇതിനെതിരെ ഒട്ടേറെ പേർ പരാതിയുമായി കോടതിയെ സമീപിക്കുകയും ചെയ്തു. ഏറെ വിവാദങ്ങൾക്കുശേഷം ചിലരെങ്കിലും അമിതമായി ഈടാക്കിയ തുക തിരികെ നൽകാൻ ഒടുവിൽ നിർബന്ധിതരായി.
അമിതമായി ക്യാൻസലേഷൻ തുക ഈടാക്കിയ ഒരു ട്രാവൽ ഏജൻസിയ്ക്കെതിരെ പരാതിയുമായി ഇൻഡോ ഐറിഷ് പാസഞ്ചർ ഫോറത്തിന്റെ നേതൃത്വ നിരയിലുള്ള എമി സെബാസ്റ്റ്യൻ കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് പിടിച്ചുവച്ച മുഴുവൻ തുകയും ഏജൻസി തിരിച്ചുനൽ്കണമെന്ന് കോടതി ഉത്തരവിട്ടത്. മലയാളി യാത്രക്കാരുടെ ആവശ്യങ്ങൾ ട്രാവൽ നിയമങ്ങൾ അനുസരിച്ചുള്ളതാണെന്ന് കോടതി നിരീക്ഷിക്കുക മാത്രമല്ല പണം വാങ്ങുന്നത് അമിതലാഭമെന്നും പറഞ്ഞു. ഒടുവിൽ പിടിച്ചുവച്ച മുഴുവൻ തുകയും കോടതി ചെലവും ഉൾപ്പടെ പരാതിക്കാരന് നൽകാൻ കോടതി ഉത്തരവിട്ടതിനെ തുടർന്ന് കോടതി വിധി ശിരസാ വഹിക്കുകയായിരുന്നു അയർലൻഡിലെ ട്രാവൽ ഏജൻസികൾ.
ജോസ് കുന്പിളുവേലിൽ
ടിക്കറ്റിന്റെ മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് അയർലൻഡിലെ കോടതിവിധി പ്രവാസികൾക്ക് അനുഗ്രഹമായി
01:02 AM Dec 03, 2021 | Deepika.com