+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മിഷിഗൺ ഹൈസ്കൂളിൽ വെടിവയ്പ്; മൂന്നു വിദ്യാർഥികൾ കൊല്ലപ്പെട്ടു

ഡിട്രോയിറ്റ്: മിഷിഗണിലെ ഓക്സ്ഫോർഡ് ഹൈസ്കൂളിൽ നടന്ന വെടിവയ്പിൽ മൂന്നു വിദ്യാർഥികൾ കൊല്ലപ്പെട്ടു. പതിനാലും പതിനേഴും വയസുള്ള രണ്ടു പെൺകുട്ടികളും പതിനാറുകാരനായ ഒരു വിദ്യാർഥിയുമാണ് മരിച്ചത്. ഇവരുടെ പേരുവി
മിഷിഗൺ ഹൈസ്കൂളിൽ വെടിവയ്പ്; മൂന്നു വിദ്യാർഥികൾ കൊല്ലപ്പെട്ടു
ഡിട്രോയിറ്റ്: മിഷിഗണിലെ ഓക്സ്ഫോർഡ് ഹൈസ്കൂളിൽ നടന്ന വെടിവയ്പിൽ മൂന്നു വിദ്യാർഥികൾ കൊല്ലപ്പെട്ടു. പതിനാലും പതിനേഴും വയസുള്ള രണ്ടു പെൺകുട്ടികളും പതിനാറുകാരനായ ഒരു വിദ്യാർഥിയുമാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

പതിനഞ്ചുകാരനായ വിദ്യാർഥി സഹപാഠികൾക്കു നേരെ ഓട്ടോമാറ്റിക് കൈത്തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. ഇരുപതു തവണ നിറയൊഴിച്ചുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിൽ ഒരു അധ്യാപകൻ ഉൾപ്പെടെ എട്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കുട്ടികളെ നഷ്ടപ്പെട്ട മതാപിതാക്കളുടെയും കുടുംബത്തിന്‍റേയും ദുഃഖത്തിൽ പങ്കുചേരുന്നതായി മിഷിഗൺ ഗവർണർ വിറ്റ്മെർ പറഞ്ഞു. പരിക്കേറ്റവർക്ക് അടിയന്തര സഹായം എത്തിക്കുകയും സംഭവസ്ഥലത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുകയും ചെയ്ത അധികൃതരേയും ഗവർണർ അഭിനന്ദിച്ചു.

അമേരിക്കയിൽ വിദ്യാർഥികൾക്കിടയിൽ വെടിവയ്പും അക്രമങ്ങളും കൂടിവരുന്നതിനു കാരണം തോക്കുകളുടെ ലഭ്യതയാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. സ്കൂളുകളിലേക്ക് വിദ്യാർഥികൾ മടങ്ങിപോകാൻ പേടിക്കേണ്ടതില്ലെന്നും ഇപ്രകാരമുള്ള അക്രമങ്ങൾ ഇല്ലാതാക്കാൻ മിഷിഗൺ നിവാസികൾ ഒന്നിച്ചു നിൽക്കണമെന്നും ഗവർണർ വിറ്റ്മെർ ഓർമിപ്പിച്ചു.

ആത്മീയ നേതാക്കളുടെ നേതൃത്വത്തിൽ വിവിധ ദേവാലയങ്ങളിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർഥനകൾ സംഘടിപ്പിച്ചു.

അലൻ ചെന്നിത്തല