കണ്ണൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി കണ്ണൂരും കോളജ് ഫോർ കോസ്റ്റ്യും ആൻഡ് ഫാഷൻ ഡിസൈനും സംയുക്തമായി നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ഇ.കെ. നായനാർ അക്കാഡമിയിൽ ഡ്രീം വീവ് എന്ന പേരിൽ കൈത്തറി ഫാഷൻ ഷോ സംഘടിപ്പിക്കും. വൈകുന്നേരം 5.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. സിനിമതാരം പൂർണിമ ഇന്ദ്രജിത്ത് മുഖ്യാഥിതിയാകും.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുക്കും. ഷോയുടെ ലോഗോ ഡിസൈൻ ചെയ്തകെ. ഷിബിനെ മുൻ എംഎൽഎ എം.വി ജയരാജൻ ഉപഹാരം നൽകി അനുമോദിക്കും. യുവജനങ്ങൾക്കും വിദ്യാർഥികൾക്കും ഇന്നത്തെ ഫാഷൻ അഭിരുചികളെയും ഉത്പന്നങ്ങളെയും കുറിച്ച് അറിവുണ്ടാകുന്നതിനും അടുത്ത് ഇടപഴകുന്നതിനും ഇന്നത്തെ ഫാഷൻ ട്രെന്റിൽ എങ്ങനെ കൈത്തറി ഉത്പന്നങ്ങളുടെ സാധ്യത വർധിപ്പിക്കാം എന്ന ലക്ഷ്യത്തോടെയാണ് ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്. പത്ര സമ്മേളനത്തിൽ എൻ. ശ്രീരഞ്ജൻ, ഇ. ഷീന, കെ.വി.ബ്രിജേഷ്, എം.ശ്രീനാഥ്, കെ.വി. സന്തോഷ് എന്നിവർ പങ്കെടുത്തു.