ബ്രിട്ടീഷ് എംപിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു

11:05 PM Oct 18, 2021 | Deepika.com
ലണ്ടന്‍: ബ്രിട്ടീഷ് എം.പി ഡേവിഡ് അമെസ് കുത്തേറ്റു മരിച്ചതിനു പിന്നാലെ രാജ്യത്ത് രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇവരുടെ സുരക്ഷക്കായി പോലീസ് ഗാര്‍ഡുകളെ നിയോഗിച്ചതായി ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ അറിയിച്ചു.

അമെസിന്‍റെ വധത്തിനു പിന്നാലെ അലി ഹര്‍ബി അലി എന്ന 25 കാരനെ തിരിച്ചറിഞ്ഞു. ഭീകരവിരുദ്ധ കുറ്റം ചുമത്തിയ പ്രതി സൊമാലിയന്‍ മുന്‍ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേശകനായിരുന്ന ഹര്‍ബി അലി കുല്ലാനെയുടെ മകനാണ് അറസ്റ്റിലായത്. അലിയുടെ വടക്കന്‍ ലണ്ടനിലെ വീട്ടില്‍ പോലീസ് തിരച്ചില്‍ നടത്തി.

2017~'20 കാലത്ത് സൊമാലിയയുടെ പ്രധാനമന്ത്രിയായിരുന്ന ഹസ്സന്‍ അലി ഖൈറിന്റെ ഉപദേശകനായിരുന്നു കുല്ലാനെ. സൊമാലിയന്‍ സര്‍ക്കാരിന്റെ മാധ്യമ ആശയവിനിമയ വകുപ്പിലെ ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അലിയുടെ അറസ്റ്റ് ഹര്‍ബി അലി കുല്ലാനെയും സ്ഥിരീകരിച്ചു. എന്നാല്‍, അന്വേഷണം പുരോഗമിക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചയാണ് നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി. ഡേവിഡ് ആമെസ് കുത്തേറ്റു മരിച്ചത്. നടന്നത് ഭീകരാക്രമണമാണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു.

ജോസ് കുമ്പിളുവേലില്‍