ലണ്ടൻ: ആഘോഷപ്പെരുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും യുകെയിലെങ്ങും പ്രശസ്തമായ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോബർ 15 വെള്ളിയാഴ്ച മുതൽ 17 ഞായറാഴ്ച വരെ വെയിൽസിലെ കെഫണ്ലീ പാർക്കിൽ വച്ചു വൻ ജനപങ്കാളിത്തത്തോടു കൂടി നടത്തുപ്പെടുന്നു.
വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശത്താൽ അനുഗ്രഹീതമായ ചരിത്രമുറങ്ങുന്ന ഉണ്ണിനീലി സന്ദേശങ്ങളിലൂടെ വരെ അറിയപ്പെട്ട കടന്തേരി എന്നറിയപ്പെട്ട കടുത്തുരുത്തിയുടെ ഭാഗമായ മുട്ടുചിറയിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ നൂറിലധികം വരുന്ന കുടുംബങ്ങളുടെ സംഗമവേദിയാകും ഈ വർഷത്തെ മുട്ടുചിറ സംഗമം.
കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കടുത്തുരുത്തി എംൽഎ മോൻസ് ജോസഫ് , കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പി.വി. സുനിൽ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ്നമ്മ ഷാജു, മുൻ ബ്ലോക്ക് പഞ്ചായത്തു മെന്പർ തോമസ് സി. മാഞ്ഞൂരാൻ, പഞ്ചായത്ത് മെന്പർമാരായ ജിൻസി എലിസബത്ത്, ഷീജ സജി കൂടാതെ മുട്ടുചിറ ഫൊറാന പള്ളിയിലെ വികാരിയച്ചൻ, മുട്ടുച്ചിറ ഇടവകാംഗങ്ങളായ റവ . ഫാ .ബിറ്റാച്ചു മാത്യു പുത്തൻപുരക്കൽ, റവ ഫാ. ബിനോജ് മാത്യു പുത്തൻപുരക്കൽ, അൽഫോൻസാ സ്നേഹതീരം ഭാരവാഹികൾ തുടങ്ങീ നിരവധി ആളുകൾ ഇതിനോടകം തന്നെ ഈ സംഗമത്തിന് ആശംസകളുമായി എത്തി ഏവരെയും ആഹ്ലാദഭരിതരാക്കി കഴിഞ്ഞു.
മുട്ടുചിറ നിവാസികളായ ആളുകളുടെ ഒരു സംഗമം എന്നതിനെക്കാളുമുപരി മുട്ടുചിറയും പരിസരപ്രദേശങ്ങളുമായിട്ടുള്ള പല ജനകീയ പ്രശ്നങ്ങളിടപ്പെടുവാനും കൂടാതെ നിരവധി ചാരിറ്റി, കാരുണ്യ പദ്ധതികളുടെ ഭാഗമാകുവാനും പ്രസ്തുത സംഗമത്തിന് സാധിച്ചിട്ടുണ്ടെന്നുള്ള വസ്തുത ഈ സംഗമത്തിന്റെ മാറ്റു കൂട്ടുന്നു. കൂടാതെ നാട്ടിൽ നിന്ന് യുകെയിലെത്തുന്ന എല്ലാ മാതാപിതാക്കളെയും ആദരിക്കുന്നതിനുള്ള വേദിയാകും പലപ്പോഴും സംഗമവേദിക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതും ഈ സംഗമത്തിൻറെ മാത്രം പ്രത്യേകതയാണ്.
സ്വിറ്റ്സർലൻഡിലെ സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ, വാലാച്ചിറ നടയ്ക്കൽ കുടുംബാംഗവുമായ റവ. ഫാ. വർഗീസ് നടയ്ക്കലിന്റെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടു കൂടിയാണ് എല്ലാ വർഷവും പ്രധാന സംഗമപരിപാടികൾ ആരംഭിക്കുന്നത്. റവ. ഫാ. വർഗീസ് നടയ്ക്കൽ രക്ഷാധികാരിയായി ജോണി കണിവേലിയുടെ നേതൃത്വത്തിൽ വിൻസെൻറ് പോൾ പാണകുഴി, റോയ് പറന്പിൽ എന്നിവർ മുഖ്യ കണ്വീനർമാരായാണ് ഈ വർഷത്തെ സംഗമപരിപാടികൾ നടത്തപ്പെടുന്നത്. വ്യത്യസ്തമായ കലാകായിക മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും അണിയിച്ചൊരുക്കി ഈ സംഗമം ഒരു നവ്യനുഭവമാക്കി മാറ്റുവാനുള്ള പരിശ്രമത്തിലാണ് വിൻസെൻറ് പോൾ പാണകുഴിയും റോയ് പറന്പിലും.
ഇനി ഏതെങ്കിലും സാഹചര്യത്തിൽ സംഗമത്തിന് മുഴുവൻ സമയവും പങ്കെടുക്കുവാൻ സാധിക്കാതെവരുന്നവർക്ക് പ്രധാന സംഗമദിവസമായ ഒക്ടോബർ 16 ശനിയാഴ്ച സംഗമത്തിന് എത്തിച്ചർന്നു ഗൃഹാതുരുത്വമുണർത്തുന്ന പഴയകാല സ്മരണകൾ അയവിറക്കുവാൻ അവസരമുണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ജോണി കണിവേലിൽ 07885612487
വിൻസെൻറ് പോൾ 07885612487
റോയ് പറന്പിൽ 07572523333
ജിജോ അരയത്ത്
യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോബർ 15,16,17 തീയതികളിൽ
09:00 PM Oct 15, 2021 | Deepika.com