ലണ്ടൻ: ബോൾട്ടൺ, റോച്ച്ഡെയിൽ, ബറി തുടങ്ങിയ സ്ഥലങ്ങളിലെ സീറോ മലബാർ സഭാ വിശ്വാസികൾക്കുവേണ്ടി രൂപീകൃതമായിരിക്കുന്ന സെന്റ് ആൻസ് പ്രൊപ്പോസ്ഡ് മിഷനിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാളിനു കൊടിയേറി. സെപ്റ്റംബർ 10, 11, 12 ( വെള്ളി, ശനി, ഞായർ) തീയതികളിൽ, ബോൾട്ടണിലെ ഔവ്വർ ലേഡി ഓഫ് ലൂർദ്ദ് ദേവാലയത്തിലാണ് തിരുനാളാഘോഷം.
സെപ്റ്റംബർ 10 നു (വെള്ളി) വൈകുന്നേരം 6.20 ന് മിഷൻ ഡയറക്ടർ ഫാ. ഡാനി മൊളോപറമ്പിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊടിയേറ്റുകർമം നിർവഹിച്ചു. തുടർന്നു പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപം പള്ളിയിൽ പ്രതിഷ്ഠിച്ചു. 6.30 നു ആഘോഷമായ ദിവ്യബലിയും തുടർന്നു ലദീഞ്ഞും പ്രസുദേന്തി വാഴ്ചയും നടന്നു.
സെപ്റ്റംബർ 11 നു (ശനി) വൈകുന്നേരം 6.30 നു ബോൾട്ടൺ ഔവ്വർ ലേഡി ഓഫ് ലൂർദ്ദ് ചർച്ച് വികാരി ഫാ. ഡേവിഡ് ചിനെറിയുടെ മുഖ്യ കാർമികത്വം വഹിച്ചു ദിവ്യബലി (ഇംഗ്ളീഷ് ) അർപ്പിക്കും.
പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 12 നു (ഞായർ) രാവിലെ 11 നു നടക്കുന്ന ആഘോഷമായ തിരുക്കർമങ്ങൾക്ക് സാൽഫോർഡ് വിശുദ്ധ എവുപ്രാശ്യ മിഷൻ ഡയറക്ടർ റവ. ഡോ. ജോൺ പുളിന്താനത്ത് കാർമികത്വം വഹിക്കും. തുടർന്നു ലദീഞ്ഞ്, പരിശുദ്ധ ജനനിയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം എന്നിവ നടക്കും. സ്നേഹവിരുന്നോടു കൂടി ആഘോഷങ്ങൾ സമാപിക്കും.
പ്രധാന തിരുനാൾ ദിവസം ദേവാലയത്തിൽ കഴുന്ന്, മുടി എന്നീ നേർച്ചകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
തിരുനാളിലും തിരുക്കർമ്മങ്ങളിലും പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിപ്പാൻ എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഫാ. ഡാനി മൊളോപറമ്പിൽ അറിയിച്ചു.
റിപ്പോർട്ട്: അലക്സ് വർഗീസ്
ബോൾട്ടൺ സെന്റ് ആൻസ് പ്രൊപ്പോസ്ഡ് മിഷനിൽ കന്യാമറിയത്തിന്റെ ജനന തിരുനാൾ
03:41 PM Sep 11, 2021 | Deepika.com