+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് നിർണായക ഘട്ടത്തിലെന്ന് ആരോഗ്യ മന്ത്രി ഡോ. ബേസിൽ അൽ സബാഹ്

കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രതിരോധ കുത്തിവയ്പ് നിര്‍ണായക ഘട്ടത്തിലാണെന്നും ഉടൻ തന്നെ 100 ശതമാനം കൈവരിക്കുമെന്നും ആരോഗ്യ മന്ത്രി ഡോ. ബേസിൽ അൽ സബാഹ്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തമർ അൽ അലിയോടൊപ്പം ഖൈറാന
കുവൈറ്റിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് നിർണായക ഘട്ടത്തിലെന്ന് ആരോഗ്യ മന്ത്രി ഡോ. ബേസിൽ അൽ സബാഹ്
കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രതിരോധ കുത്തിവയ്പ് നിര്‍ണായക ഘട്ടത്തിലാണെന്നും ഉടൻ തന്നെ 100 ശതമാനം കൈവരിക്കുമെന്നും ആരോഗ്യ മന്ത്രി ഡോ. ബേസിൽ അൽ സബാഹ്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തമർ അൽ അലിയോടൊപ്പം ഖൈറാനില്‍ ആരംഭിച്ച വാക്സിനേഷന്‍ സെന്‍റര്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ കണക്കുകള്‍ പ്രകാരം ജനസംഖ്യയുടെ 70 ശതമാനത്തില്‍ കൂടുതല്‍ ആളുകൾ കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ നിലവിലെ രോഗ പ്രതിരോധ സംവിധാനം മികച്ചതാണെന്നും സാമൂഹിക പ്രതിരോധശേഷി കൈവരിക്കുന്നതിൽ രാജ്യം ശരിയായ ദിശയിലാണെന്നും മന്ത്രി പറഞ്ഞു.

അഞ്ചു വയസിനു മുകളിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന വിഷയത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും ഇതു സംബന്ധമായ കാര്യങ്ങള്‍ പഠിച്ചു വരികയാണെന്നും ബേസിൽ അൽ സബാഹ് വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങള്‍ വാക്സിനേഷന്‍ ക്യാമ്പയിനുമായി പൂര്‍ണമായി സഹകരിച്ചതായും ആരോഗ്യ പ്രവര്‍ത്തകരുടെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നമുക്ക് ഈ നേട്ടം കൈവരിക്കുവാന്‍ സാധിച്ചതെന്നും മന്ത്രി കൂട്ടിചേർത്തു.

മേഖലയില്‍ ഏറ്റവും മികച്ച രോഗമുക്തി നിരക്ക് കുവൈറ്റിലാണ്. പ്രതിദിന രോഗബാധയും ഏറ്റവും കുറഞ്ഞ നിലയിലാണുള്ളത്. ടെസ്റ്റ്‌ പോസിറ്റി വിറ്റി നിരക്കിലും ഗണ്യമായ കുറവ് അനുഭവപ്പെട്ടത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

വാക്സിനേഷൻ നടപടികൾ ത്വരിതപെടുത്തിയതിനെ തുടർന്നാണ് രാജ്യത്തെ ആരോഗ്യ സ്ഥിതിയിൽ അതീവമുന്നേറ്റം നടത്താൻ സാധിച്ചത്. രണ്ടു മാസത്തിനുള്ളിൽ കുട്ടികളെ സ്കൂളുകളിലേക്ക് തിരികെ കൊണ്ടുവരികയും ക്രമേണ രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുകയെന്ന നിര്‍ണായക ഘട്ടത്തിലാണെന്നും ആരോഗ്യ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ അലസത കാണിക്കരുതെന്നും ആരോഗ്യ മന്ത്രി ഡോ. ബേസിൽ അൽ സബാഹ് വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ