നെടുമങ്ങാട് : എഡിബി വായ്പ സ്വീകരിച്ചുകൊണ്ട് വാട്ടർ അഥോറിറ്റിയിൽ നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ കൃത്യമായ പഠനം നടത്തിയ ശേഷമേ നടപ്പാക്കാൻ പാടുള്ളൂ എന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. കേരള വാട്ടർ അഥോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ജലഭവൻ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഡിബിയെ പോലുള്ള ബഹുരാഷ്ട്ര കുത്തകകളുടെ വായ്പകൾ സ്വീകരിക്കുന്നത് ഭാവിയിൽ രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും, വാട്ടർ അഥോറിറ്റിയിൽ ജീവനക്കാരുടെ പങ്കാളിത്തത്തിലും നിയന്ത്രണത്തിലും മാത്രമേ ഈ പദ്ധതി നടപ്പാക്കാൻ അനുവദിക്കൂ എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി. ബിജു, വി.ജെ. ജോസഫ്, വി.ആർ. പ്രതാപൻ, ബി. രാഗേഷ്, വിനോദ് എരവിൽ, ടി.പി. സഞ്ജയ്, എം. അബ്ബാസ്, ജോയൽ സിംഗ്, അനിൽ കുളപ്പട, വി. വിനോദ്, പി.എസ്. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.