കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായ കേരള കോണ്‍ഗ്രസ്-എമ്മും ജനാധിപത്യ കേരള കോണ്‍ഗ്രസും കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷവുമായി മുന്നണി ബന്ധം അവസാനിപ്പിക്കാന്‍ തയാറാകണമെന്ന് കേരള ജനപക്ഷം സെക്കുലര്‍ ചെയര്മാന് പി.സി. ജോര്‍ജ്. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ റബറിന് 250 രൂപ ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം അധികാരത്തിലെത്തി രണ്ടു വര്‍ഷമായിട്ടും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ബജറ്റിന് മുന്നോടിയായി റബറിന് 250 രൂപ വിലസ്ഥിരത ഉറപ്പാക്കണമെന്ന് രണ്ട് കേരള കോണ്‍ഗ്രസ് വിഭാഗങ്ങളും ആവശ്യപ്പെട്ടിരുന്നുവെങ്കിലും സിപിഎം തയാറായില്ല. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇരു കേരള കോണ്‍ഗ്രസുകളും തയാറാകണമെന്നും കര്‍ഷകര്‍ക്കുവേണ്ടി യോജിച്ച പോരാട്ടത്തിന് സമയമായെന്നും പി.സി. ജോര്‍ജ് പറഞ്ഞു.