തലയോലപ്പറമ്പ്: വീടിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറുകള് തീയിട്ടു നശിപ്പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പെരുന്ന കോമങ്കേരിച്ചിറ ഭാഗത്ത് ആറ്റിത്തറയില്‍ സത്യന് (44) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നിനു വരിക്കാംകുന്ന് ഒലിപ്പില്‍ താമസിക്കുന്ന ശെല്‍വരാജിന്റെ വീടിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ടു സ്കൂട്ടറുകള് പെട്രോളൊഴിച്ച് തീയിട്ട് നശിപ്പിക്കുകയായിരുന്നു. ഇയാള്‍ക്ക് ശെല്‍വരാജിനോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നു. സ്കൂട്ടറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള രേഖകളും കത്തിനശിച്ചു. പരാതിയെത്തുടര്‍ന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. എസ്എച്ച്ഒ ജയന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.