ഇരിട്ടി: സെർവർ തകരാർ കാരണം ഇരിട്ടി സബ്ട്രഷറിയിൽ പെൻഷൻ മുടങ്ങി. വളരെ ദൂരത്ത് നിന്നും പെൻഷൻ വാങ്ങാൻ വന്ന വയോജനങ്ങൾ ഇതോടെ നിരാശരായി മടങ്ങി. ഖജനാവിൽ പണമില്ലാത്തപ്പോൾ സെർവർ തകരാറ് എന്നത് സ്ഥിരം പല്ലവിയാണെന്നും ഇത് എല്ലാ മാസവും ആദ്യത്തെ ആഴ്ച നടക്കുന്ന സർക്കാർ വിലാസം തട്ടിപ്പാണെന്നും ആരോപിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ട്രഷറി ഉപരോധിച്ചു. ഉപരോധം കെഎസ്എസ്പിഎ സംസ്ഥാന സെക്രട്ടറി പി.സി. വർഗീസ് ഉദ്ഘാടനം ചെയ്തു. സി.വി. കുഞ്ഞനന്തൻ, കെ. നാരായണൻ, പി.ടി. വർക്കി, എം.എം. മൈക്കിൾ, സി. നാരായണൻ, ഇബ്രാഹിംകുട്ടി, കെ.സി. ചാക്കോ എന്നിവർ പ്രസംഗിച്ചു.