കണ്ണൂർ: മഹാകവി ചെറുശേരിയുടെ ഓർമയ്ക്കായി കണ്ണൂർ ആസ്ഥാനമായി സാംസ്കാരിക കേന്ദ്രം നിർമിക്കുന്നതിന് ചിറക്കൽ വില്ലേജിൽ 55 സെന്റ് റവന്യൂ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ സാംസ്കാരിക വകുപ്പ് സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. സാംസ്കാരിക കേന്ദ്ര നിർമാണം കേരള സാഹിത്യ അക്കാദമി മുഖേന നിർവഹിക്കാവുന്നതാണെന്നും ഭൂമി ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനത്തിന് സമീപത്തായതിനാൽ തുടർപ്രവർത്തനങ്ങൾക്ക് ഫോക്ലോർ അക്കാദമിയുടെ സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. കെ.വി. സുമേഷ് എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.