കണ്ണൂർ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയെ സഹായിക്കുനുള്ളതല്ലെന്നും കേന്ദ്രസർക്കാർ തുടർന്നുവരുന്ന കോർപറേറ്റ് കുടുംബസേവയെന്ന് ആർഎസ്എസ് രാഷ്ട്രീയത്തിന്റെ ആവർത്തനം മാത്രമാണെന്നും വി. ശിവദാസൻ എംപി. ജനവഞ്ചനയുടെ മറ്റൊരു അധ്യായം മാത്രമാണ് ഈ ബജറ്റ്. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ തവണത്തെ പുതുക്കിയ വകയിരുത്തലിൽ നിന്നും ഈ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിൽ മുപ്പതിനായിരം കോടി രൂപയുടെ ഭീമമായ കുറവാണ് വരുത്തിയിരിക്കുന്നത്. തുടർച്ചയായി തൊഴിലുറപ്പ് പദ്ധതിയുടെ വകയിരുത്തൽ വെട്ടിക്കുറക്കുന്നത് അടിസ്ഥാന ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്. ഒരു തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ ഇരുപതിലധികം പ്രവൃത്തികൾ അനുവദിക്കരുതെന്ന മുൻനിർദേശവും ഇതിനോടൊപ്പം പരിശോധിക്കേണ്ടതാണെന്ന് വി. ശിവദാസൻ എംപി പ്രസ്താവനയിൽ പറഞ്ഞു.