തിരുവനന്തപുരം: സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ എല്ലാവരേയും ഒരുമിപ്പിക്കാനായിരുന്നു മഹാത്മാഗാന്ധി സ്വാതന്ത്ര്യ സമരത്തിലൂടെ ശ്രമിച്ചതെങ്കില്‍ ഇന്ന് ചരിത്രത്തെ വളച്ചൊടിക്കുവാനും ദേശീയമായി ജനങ്ങളെ ഭിന്നിപ്പിക്കുവാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഈ നീക്കം അത്യന്തം അപകടകരമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജോയിന്റ് കൗണ്‍സിലിന്റെയും ജോയിന്റ് കൗണ്‍സില്‍ സാംസ്കാരിക വേദിയായ നന്മയുടെയും ആഭിമുഖ്യത്തില്‍ മതേതര ഇന്ത്യയിലെ മരിക്കാത്ത സത്യാന്വേഷണങ്ങള്‍ എന്ന പ്രമേയം ആസ്പദമാക്കി ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജോയിന്റ് കൗണ്‍സില്‍ ചെയര്മാന് കെ.ഷാനവാസ്ഖാന് അധ്യക്ഷത വഹിച്ചു. ഡോ.രാജ ഹരിപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് , ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന് കല്ലിംഗല്‍ , ട്രഷറര്‍ കെ.പി.ഗോപകുമാര്‍, സെക്രട്ടേറിയറ്റംഗങ്ങളായ പി.ഹരീന്ദ്രനാഥ്, എം.എം.നജിം,നന്മ സാംസ്കാരിക വേദി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിനോദ് വി.നമ്പൂതിരി, സംസ്ഥാന വൈസ് പ്രസിഡന്റ് ആര്.സിന്ധു എന്നിവര്‍ പ്രസംഗിച്ചു.