പേരൂർക്കട: കുണ്ടമൺകടവ് റോഡിൽ അപകടാവസ്ഥയിൽ നിലനിൽക്കുന്ന ടെലിഫോൺ പോസ്റ്റ് ഭീഷണി സൃഷ്ടിക്കുന്നു. പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള പോസ്റ്റാണ് പകുതിയോളം ഭാഗം ഒടിഞ്ഞ് അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത്. കുറച്ചുനാൾ മുമ്പ് ഒരു വാഹനം ഇടിച്ചതിനെ തുടർന്നാണ് പോസ്റ്റ് അപകടാവസ്ഥയിൽ ആയത്. ഒരു സിംഗിൾ ടെലിഫോൺ കേബിളിന്റെ ബലത്തിൽ മാത്രമാണ് ഇപ്പോൾ പോസ്റ്റ് നിൽക്കുന്നത്. ചെറുതായൊന്ന് തട്ടിയാൽ തന്നെ പോസ്റ്റിന്റെ മുകൾഭാഗം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ഏതു നിമിഷവും പോസ്റ്റിന്റെ ഒരു ഭാഗം ഒടിഞ്ഞു വീഴാവുന്ന നിലയിലാണ്. പോസ്റ്റിന്റെ ഭൂരിഭാഗവും ഒടിഞ്ഞു നിൽക്കുന്നതിനാൽ വഴിയാത്രികരും ഭീഷണിയിലാണ്. തീർത്തും അപകട ഭീഷണി സൃഷ്ടിക്കുന്ന ടെലിഫോൺ പോസ്റ്റ് ഉടനടി മാറ്റി പുതിയ പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകൻ ബിജു പേയാട് ആവശ്യപ്പെട്ടു.