നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നിയോജകമണ്ഡലം പൂര്‍ണമായും മാലിന്യരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെ കെ. ആൻസലൻ എംഎൽഎ രൂപം നൽകിയ ഹരിത നെയ്യാർ പദ്ധതിക്ക് തുടക്കമായി. ചെരിപ്പ്, ബാഗ്, തുണിത്തരങ്ങള്‍ , കുപ്പിച്ചില്ലുകള്‍, ഇലക്ട്രോണിക്സ് മാലിന്യങ്ങൾ എന്നിങ്ങനെയുള്ള അജൈവ മാലിന്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മസേനാംഗങ്ങളുടെ സഹായത്തോടെ ശേഖരിക്കും. ഇവ സംസ്കരിക്കുന്നതും ശാസ്ത്രീയ പുനഃചംക്രമണം നടത്തുന്നതും ക്ലീന്‍ കേരള കമ്പനിയാണെന്ന് എംഎല്‍എ പറഞ്ഞു.ചെങ്കൽ പഞ്ചായത്തിലെ ആദ്യ ലോഡ് അജൈവ മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ലോഡുമായി പോകുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കര്‍മം കെ. ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബെൻ ഡാർവിൻ, ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗിരിജ, വൈസ് പ്രസിഡന്റ് കെ. അജിത്ത് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്. പ്രേം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോജി, രാഹിൽ ആർ. നാഥ് എന്നിവര്‍ പങ്കെടുത്തു.