പേരൂർക്കട: വഴിയാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതിയെ ഫോർട്ട് പോലീസ് പിടികൂടി. നെയ്യാറ്റിൻകര കീഴാറൂർ റോഡരികത്ത് വീട്ടിൽ ചന്ദ്രൻ (43) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടുകൂടി അട്ടക്കുളങ്ങര ജംഗ്ഷനു സമീപമാണ് സംഭവമുണ്ടായത്. കുരിയാത്തി എംഎസ്കെ നഗർ സ്വദേശി സന്തോഷിന്റെ മൊബൈൽ ഫോൺ ആണ് പ്രതി കവർന്നത്. പവർഹൗസ് ജംഗ്ഷൻ സമീപത്തു നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിക്കെതിരേ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 35 ഓളം കേസുകൾ നിലവിലുണ്ട്. ഫോർട്ട് സിഐ രാകേഷ്, എസ്ഐ ദിനേഷ് എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.