കണ്ണൂർ: വളപട്ടണം ടൗൺ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന എ.കെ. കുഞ്ഞിമായൻ ഹാജി സ്മാരക സ്വർണ കപ്പിനും ഒരുലക്ഷം രൂപ ഷെർലോൺ പ്രൈസ് മണിക്കും വേണ്ടിയുള്ള 29-ാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് മുതൽ വളപട്ടണം പഞ്ചായത്ത് ഫ്ലഡ് ലിറ്റ് മിനിസ്റ്റേഡിയത്തിൽ നടക്കും. വൈകുന്നേരം 6.30ന് കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് വാട്ടർ ഡ്രം അവതാരകൻ ഷാനിഫ് നേതൃത്വം നൽകുന്ന സിംഗിംഗ് ബ്രദേഴ്സിന്റെ വാട്ടർ ഡ്രം ഷോയും റിസ ഫൈസലിന്റെ കരോക്കേ ഗാനമേളയും നടക്കും. 7.30ന് ആദ്യ മത്സരം ആരംഭിക്കും. വിദേശ താരങ്ങളടക്കം പങ്കെടുക്കുന്ന ടൂർണമെന്റിൽ 28 ടീമുകളാണ് മത്സരിക്കുന്നത്. ഫെബ്രുവരി 26ന് ഫൈനൽ മത്സരം നടക്കും. ടി.വി. അബ്ദുൽ മജീദ് ഹാജി, എളയടത്ത് അശ്റഫ്, സി. അബ്ദു റഹിമാൻ ഹാജി, കെ. നസീർ ഹാജി, എം.ബി. മുസ്തഫ ഹാജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.