ജൂലൈ 3 ശനിയാഴ്ച രാവിലെ മിഷൻ വികാരി ഫാ. ജോർജ് എട്ടുപറയിൽ കൊടിയേറ്റിയതോടുകൂടി തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമിട്ടു. തുടർന്ന് ഭക്ത്യാദരപൂർവമായ ദിവ്യബലിയും, തിരുനാൾ സന്ദേശവും, നൊവേനയും, ലദീഞ്ഞോടും കൂടിയും ശനിയാഴ്ച തിരുകർമ്മങ്ങൾക്ക് സമാപ്തി കുറിച്ചു.
ജൂലൈ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഫാ. ജോബിൻ കൊല്ലപ്പള്ളിയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷ പൂർവമായ തിരുനാൾ കുർബാനയർപ്പിച്ച് വിശ്വാസവും, പൈതൃകവും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ആവശ്യകതയെക്കുറിച്ച് അർഥപൂർണമായ തിരുനാൾ സന്ദേശം നൽകുകയുണ്ടായി. തുടർന്ന് നൊവേനയോടും ലദീഞ്ഞോടുകൂടിയും തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തിരശീലവീണു.
തിരുനാളിനോടനുബന്ധിച്ച് സ്റ്റോക്ക് ഓണ്‍ ട്രെൻഡ് മിഷന്റെ പോഷകസംഘടനയായ മെൻസ് ഫോറം പ്രസിഡൻറ് ജോഷി വർഗീസിന്റെയും സെക്രട്ടറി ബിജു ജോസഫിന്റെയും നേതൃത്വത്തിൽ 280ഓളം കുടുംബങ്ങൾക്ക് പാച്ചോർ നേർച്ച തയ്യാറാക്കി വിതരണം ചെയ്യുകയുണ്ടായി. കൂടാതെ 1100 ൽ പരം ചിക്കൻ ബിരിയാണി പായ്ക്കറ്റുകൾ കോവിഡ് ദുരിതാശ്വാസ ഫണ്ടിനു വേണ്ടി വിതരണം ചെയ്യുകയുണ്ടായി. തിരുനാളിനുശേഷം യുവജനങ്ങളുടെ നേതൃത്വത്തിൽ മൂവി നൈറ്റ് തുടർന്ന് സീനിയർ സ്റ്റുഡൻസ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട വിവിധയിനം പരിപാടികൾ തിരുനാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുകയുണ്ടായി.
മിഷൻ കൈക്കാര·ാരായ ജോയി പുളിക്കൽ, ജോബി ജോസ്, ക്രിസ്റ്റി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധയിനം കമ്മിറ്റികൾ ഉണർന്നു പ്രവർത്തിച്ചത് തിരുനാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കുകയും അതുപോലെ തിരുനാൾ ആഘോഷങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച വിവിധയിനം കമ്മിറ്റികൾക്കും മിഷൻ കമ്മിറ്റി അംഗങ്ങൾക്കും വികാരി ഫാ. ജോർജ് എട്ടുപറയിൽ നന്ദി അറിയിക്കുകയുണ്ടായി.
റിപ്പോർട്ട്: സുധീഷ് തോമസ്