+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥി എറിക് ആദംസിനു മലയാളീ സമൂഹത്തിൻറെ പിന്തുണ

ന്യൂയോർക്ക്: ജൂൺ 22 ന് നടക്കുന്ന ഡമോക്രാറ്റിക്‌ പ്രൈമറി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥി എറിക് ആദംസിനു പിന്തുണയുമായി മലയാളി സമൂഹം. സിറ്റി മേയർ സ്‌ഥാനാർഥി എറിക്കിന്‍റെ ത
ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥി എറിക് ആദംസിനു മലയാളീ സമൂഹത്തിൻറെ പിന്തുണ
ന്യൂയോർക്ക്: ജൂൺ 22 ന് നടക്കുന്ന ഡമോക്രാറ്റിക്‌ പ്രൈമറി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥി എറിക് ആദംസിനു പിന്തുണയുമായി മലയാളി സമൂഹം. സിറ്റി മേയർ സ്‌ഥാനാർഥി എറിക്കിന്‍റെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ടീം അംഗവും മലയാളിയുമായ ഡോ. ബിന്ദു ബാബുവിന്‍റെ നേതൃത്വത്തിൽ ക്വീൻസ് യൂണിയൻ ടേൺപൈക്കിലുള്ള സന്തൂർ റെസ്റ്റോറന്‍റിൽ നടത്തിയ ഫണ്ട് റെയിസിംഗ് ഡിന്നറിനു വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹികളും ബിസിനെസ്സ്കാരും പങ്കെടുത്തു.

എറിക്കിനു വേണ്ടി മലയാളികൾ നടത്തുന്ന നാലാമത് ഫണ്ട് റെയിസിംഗ് പരിപാടിയാണ് കഴിഞ്ഞ ദിവസം നടത്തപ്പെട്ടത്. മലയാളി സെനറ്റർ കെവിൻ തോമസിനു വേണ്ടി ക്യാമ്പയിൻ ടീം അംഗങ്ങളായി പ്രവർത്തിച്ച അജിത് കൊച്ചുകുടിയിൽ എബ്രഹാം, ബിജു ചാക്കോ എന്നിവരും ഡോ. ബിന്ദുവിനൊപ്പം പരിപാടി സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.

പതിനെട്ടാമത് ബ്രൂക്ലിൻ ബറോ പ്രസിഡന്റായി ഇപ്പോൾ പ്രവർത്തിക്കുന്ന എറിക് ആദംസ് രണ്ടു പതിറ്റാണ്ടോളം ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റിൽ സേവനം അനുഷ്ടിച്ചു ക്യാപ്റ്റൻ പദവിയിൽനിന്നും വിരമിച്ച ശേഷം രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട വ്യക്തിയാണ്. 2006 മുതൽ 2013 വരെ നാല് തവണ ബ്രൂക്ലിൻ ഡിസ്ട്രിക്ട് 20 ൽ നിന്നും ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ആയിരുന്ന എറിക് പിന്നീട് 2013 ലും 2017 ലും ബ്രൂക്ലിൻ ബറോ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ആഫ്രിക്കൻ അമേരിക്കനാണ്. ക്രിമിനൽ ജസ്റ്റീസിൽ ബിരുദവും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്‌സ് ബിരുദവും ഉള്ള എറിക് നല്ലൊരു എഴുത്തുകാരൻ കൂടിയാണ്.

മേയർ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക്‌ പ്രൈമറിയിൽ എട്ടു പേർ മത്സരിക്കുന്നുണ്ടെങ്കിലും എറിക്കിനാണ് നിലവിൽ ഏറ്റവും കൂടുതൽ ജന പിന്തുണയുള്ളതു എന്നാണു സർവേകൾ സൂചിപ്പിക്കുന്നത്. ന്യൂയോർക്ക് സിറ്റിയുടെ സമഗ്ര വികസനത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും ക്രമസമാധാനം ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസ മേഖലയിലും അവശ്യ സേവന മേഖലയിലും ഊന്നൽ നൽകുന്നതിനും മറ്റുമാണ് താൻ കൂടുതൽ ശ്രദ്ധിക്കുന്നതെന്നു എറിക് യോഗത്തിൽ പ്രസ്താവിച്ചു.

സിറ്റിയിലെ ആരോഗ്യ മെഖലയിലും സിറ്റി ട്രാൻസിറ്റ് പോലുള്ള പൊതു മേഖലാ സ്ഥാപനങ്ങളിലും മലയാളികൾ ധാരാളമായി പ്രവർത്തിക്കുന്നു എന്നും മലയാളി സമൂഹം ന്യൂയോർക്ക് സിറ്റിയിൽ ഒരു പ്രധാന ഘടകം ആണെന്നും പങ്കെടുത്ത സംഘടന നേതാക്കൾ എറിക്കിനെ ധരിപ്പിച്ചു. മലയാളികളുടെ എല്ലാ പിന്തുണയും മേയർ സ്ഥാനാർഥിയായ എറിക്കിന് ഉണ്ടെന്നും പങ്കെടുത്തവർ പറഞ്ഞു. സിറ്റി പോലീസ് ഡിപ്പാർട്ട്മെന്‍റിൽ ഡപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ആയി സ്ഥാനക്കയറ്റം ലഭിച്ച ലിജു തോട്ടത്തിൽ, ഫൈനാൻസ് ഡിപ്പാർട്ട്മെന്‍റിൽ ഡയറക്ടർ ആയി പ്രവർത്തിക്കുന്ന ജോഷുവ മാത്യു തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

യോഗത്തിന്‍റെ സംഘാടകരിൽ ഒരാളും നാസ്സോ കൗണ്ടി ഹെൽത് കെയർ കോർപ്പറേഷന്‍റെ ഭാഗമായ നാസ്സോ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്‍ററിന്‍റെ (എൻയുഎംസി.) ഡയക്ടർ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയുമായ അജിത് കൊച്ചുകുടിയിൽ എബ്രഹാം (അജിത് കൊച്ചൂസ്) നന്ദി രേഖപ്പെടുത്തി. ഇപ്പോൾ മലയാളി മാനേജ്മെന്‍റിൽ പ്രവർത്തിക്കുന്ന സന്തൂർ റെസ്റ്റോറന്‍റിൽ വച്ച് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുവാൻ സാധിച്ചതിൽ ചാരിതാർഥ്യം ഉണ്ടെന്നു ഉടമസ്ഥരായ തോമസ് കോലടി, ജയിംസ് മാത്യു എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: മാത്യുക്കുട്ടി ഈശോ