ബെർലിൻ: ജർമ്മൻ ചാൻസലർ അംഗല മെർക്കലിന്റെ ഫോണ്‍സംഭാഷണങ്ങൾ യുഎസ് സുരക്ഷാ ഏജൻസിയായ എൻഎസ്എ ചോർത്തിയെന്ന് റിപ്പോർട്ട്. ഡാനിഷ് പബ്ലിക് ബ്രോഡ്കാസ്റ്റർ ഡെൻമാർക്ക് റേഡിയോ ആണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
മെർക്കൽ ഉൾപ്പെടെയുള്ള യൂറോപ്പിലെ ഉന്നത രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ എൻഎസ്എ ചോർത്തിയിട്ടുണ്ടെന്നാണ് ഡിആറിന്റെ കണ്ടെത്തൽ. ഡെൻമാർക്കിലെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ എഫ്ഇയുമായി ചേർന്നാണ് എൻഎസ്എ വിവരങ്ങൾ ചോർത്തിയത്.
ഡെൻമാർക്ക് ഇതേക്കുറിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല. സ്വീഡിഷ് ബ്രോഡ്കാസ്റ്റർ എസ്വിടി, നോർവേയുടെ എൻആർകെ, ജർമ്മനിയുടെ എൻഡിആർ, ഫ്രാൻസിലെ മോണ്ടെ എന്നിവരുമായി ചേർന്ന് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഡിആർ വിവരങ്ങൾ വെളിപ്പെടുത്തിയത്.
ഫോണ്‍സംഭാഷണങ്ങൾ, ചാറ്റുകൾ, മൊബൈൽ സന്ദേശങ്ങൾ, ഇന്റർനെറ്റ് വിവരങ്ങൾ ഉൾപ്പെടെ എൻഎസ്എ ശേഖരിച്ചുവെന്നാണ് വിവരം. 2012 മുതൽ 2014 വരെ ഫോണ്‍ വിവരങ്ങൾ ചോർത്തിയെന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മെർക്കലിന്റെ ഫോണ്‍ യുഎസ് ചോർത്തി
10:05 PM Jun 01, 2021 | Deepika.com