തിരുവമ്പാടി: പുന്നയ്ക്കൽ റോഡിലെ നാൽപതുമേനി വളവ് സ്ഥിരം അപകട മേഖലയാകുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. പൊതുമരാമത്ത് വകുപ്പ് റോഡിലെ ഈ ഭാഗം എൽ ആകൃതിയിലുള്ളതാണ്. കൊടും വളവിന് അപ്പുറം കാണാതെ നിരവധി വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. വളവിനോട് ചേർന്ന് കലുങ്കും ട്രാൻസ്ഫോർമറും ഉള്ളതിനാൽ അപകടസാധ്യത കൂടുതലാണ്. ഈ പരിസരത്തുള്ള മതിലിലും പോസ്റ്റിലും ഇടിച്ച് നിരവധി വാഹനങ്ങളാണ് തകർന്നത്.സ്ഥിരം അപകട മേഖലയാണെങ്കിലും പൊതുമരാമത്ത് വകുപ്പ് ഈ ഭാഗത്ത് മുന്നറിയിപ്പ് ബോർഡുകളോ മറുവശത്തെ കാഴ്ചകൾ ലഭ്യമാക്കുന്ന കണ്ണാടികളോ സ്ഥാപിച്ചിട്ടില്ല.