പയ്യന്നൂർ: വെള്ളൂർ ദേശീയപാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാസർഗോട്ടെ സ്വകാര്യ സ്കൂളിലെ ഡ്രൈവർ തിരുവനന്തപുരം ആറ്റിങ്ങലിലെ മാധവൻപിള്ളയുടെ മകൻ സിന്ധു ഭവനിൽ മോഹനൻ (56) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ വെള്ളൂർ സ്കൂൾ സ്റ്റോപ്പിനു സമീപമായിരുന്നു അപകടം. കാസർഗോഡ് ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കും എതിരെ വരികയായിരുന്ന ഫ്ലവേഴ്സ് ടിവി പ്രോഗ്രാം ടീം സഞ്ചരിച്ചിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടൻ മോഹനനെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: പ്രവീണ (കാസർഗോഡ് എസ്എസ്ബി ഡിറ്റാച്ച്മെന്റ് എസ്ജിടി). മകൾ: കീർത്തി.