പേരൂർക്കട: ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു. ഫോർട്ട് സ്റ്റേഷൻ പരിധിയിൽ ബണ്ട് റോഡിന് സമീപത്തുണ്ടായ സംഭവത്തിൽ കിള്ളിപ്പാലം സ്വദേശി മനോജിനാണ് (റെഡ് മനു) പരിക്കേറ്റത്. സച്ചു എന്ന സുഹൃത്താണ് ഇയാളെ വെട്ടിപ്പിരിക്കേൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം മനോജിന്റെ വീട്ടിലിരുന്ന് സച്ചു ഉൾപ്പെട്ട സുഹൃത്തുക്കൾ മദ്യപിക്കുകയും ചീട്ടുകളിയും ചെയ്തിരുന്നു. ഇതിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മനോജിന്റെ തലയ്ക്കും ശരീരത്തിനും ആക്രമണത്തിൽ പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മനോജ് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്നും പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ഫോർട്ട് പോലീസ് പറഞ്ഞു.