ചിറക്കടവ്: പഞ്ചായത്തിൽ 30നുമേൽ പ്രായമുള്ള എല്ലാവർക്കും സൗജന്യ ആരോഗ്യപരിശോധന നടത്തും. അകാലചരമം സംഭവിച്ചുകഴിയുമ്പോഴാണ് പലരുടെയും രോഗാവസ്ഥ തിരിച്ചറിയുന്നത് എന്ന പ്രശ്നത്തിന് പരിഹാരമായാണ് പരിശോധനയിലൂടെ ഓരോരുത്തരുടെയും ആരോഗ്യനില തിരിച്ചറിയുന്നത്. എല്ലാവീടുകളിലുമെത്തി പരിശോധന നടത്തും. അർബുദരോഗ സാധ്യതയടക്കം നിർണയിക്കും. ഇതിനായി ആശാവർക്കർമാർക്ക് പരിശീലനം നൽകിയതായി പ്രസിഡന്റ് സി.ആർ. ശ്രീകുമാർ പറഞ്ഞു. ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, ജില്ലാപഞ്ചായത്തംഗം ടി.എൻ. ഗിരീഷ്കുമാർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.