ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ആറ് വിദ്യാലയങ്ങളിൽ സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കുമെന്ന് സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. മുൻ എംഎൽഎ കെ.സി. ജോസഫ് 2020-21 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നുള്ള തുക വിനിയോഗിച്ച് ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ആറ് സ്കൂളുകൾക്ക് സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കുന്നതിന് ശിപാർശ നൽകിയിരുന്നു. ഇതുപ്രകാരം നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിന് 10 ലാപ്ടോപ്പുകൾ, തേർളായി മാപ്പിള എയുപി സ്കൂളിന് രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ, ചെങ്ങളയി എയുപി സ്കൂളിന് രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ, നടുവിൽ എൽപി സ്കൂളിന് ഒരു സ്മാർട്ട് ക്ലാസ് റൂം, കൊട്ടൂർവയൽ സെന്റ് തോമസ് എൽപി സ്കൂളിന് ഒരു ലാപ്ടോപ്പും സൗണ്ട് സിസ്റ്റവും, ചെമ്പേരി നിർമല ഹയർ സെക്കൻഡറി വിഭാഗത്തിന് ഒരു ലാപ്ടോപ്പും സൗണ്ട് സിസ്റ്റവുമാണ് അനുവദിച്ചത്. 10,42,123 രൂപയുടെ ഭരണാനുമതി ലഭിച്ചതായി സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.