കാട്ടാക്കട : മോഷണക്കേസിൽ യുവാവ് പോലീസ് പിടിയിലായി. നെടുമങ്ങാട് വട്ടപ്പാറ സ്വദേശിയും ആനാകോട് നാക്കാരയിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന അജിത്തിനെ (24) യാണ് കാട്ടാക്കട പോലീസ് അറസ്റ്റു ചെയ്തത്. ആനാകോട് നാക്കാര കിഴക്കുംകര പുത്തൻവീട്ടിൽ ഭുവനചന്ദ്രൻ നായരുടെ വീട്ടിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മോഷണം നടത്തിയത്. ഗൃഹനാഥൻ പാൽ കൊടുക്കാൻ അടുത്തുള്ള സൊസൈറ്റിയിൽ പോയപ്പോൾ വീട്ടിൽ കടന്നുകയറിയ പ്രതി 16000 രൂപ, ബാങ്ക് പാസ് ബുക്ക്, ഭൂമിയുടെ ആധാരം, ഒരു മൊബൈൽ ഫോൺ എന്നിവ എടുത്ത് കടന്നുകളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് സിസിടിവി ദ്യശ്യങ്ങളിൽ നിന്നാണ് ഇയാളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്തത്.