കോട്ടയം: സ്വകാര്യ ബസിന്റെ ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കോട്ടപ്പുറം കടായിക്കുളം കോളനിയില്‍ രഞ്ജിത്തി (28)നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ എംസി റോഡില്‍ നാട്ടകം ബുക്കാനാ ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ ഉള്‍വശത്ത് സ്പെയറായി സൂക്ഷിച്ചിരുന്ന രണ്ട് ബാറ്ററികളാണ് മോഷ്ടിച്ചത്. പരാതിയെത്തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, കോട്ടയം ജില്ലയിലെ കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ട്. എസ്എച്ച്ഒ ടി.ആര്. ജിജു, എസ്ഐ അനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.