സുൽത്താൻ ബത്തേരി: പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ മുഴുവൻ സമയ ഐപി ആരംഭിക്കുന്നതിനു നടപടി ആവശ്യപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ആരോഗ്യ മന്ത്രി വീണാ ജോർജിനു കത്ത് നൽകി. ദിവസവും നിരവധിയാളുകൾ ചികിത്സയ്ക്കു ആശ്രയിക്കുന്നതാണ് പൂതാടി എഫ്എച്ച്സി. ഇവിടെ വർഷങ്ങൾ മുന്പു രാത്രിയും ഐപി പ്രവർത്തിച്ചിരുന്നു. നിലവിൽ രാത്രി ഐപി ഇല്ലാത്തതു രോഗികൾക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. രാത്രി അടിയന്തരമായി കിടത്തിചികിത്സ ആവശ്യമായി വരുന്നവർ പുൽപ്പള്ളി, സുൽത്താൻബത്തേരി, പനമരം എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നിൽ എത്തേണ്ട സ്ഥിതിയാണ്. പൂതാടിക്കു 15 കിലോമീറ്റർ അകലെയാണ് ഈ ആരോഗ്യകേന്ദ്രങ്ങൾ. ആദിവാസികൾ ഉൾപ്പെടെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ രാത്രി വാഹനം വാടകയ്ക്കു വിളിച്ച് പുറമേയെുള്ള ആശുപത്രികളിൽ എത്താൻ പ്രയാസപ്പെടുകയാണെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു.