നേമം : തരിശ് കിടന്ന കല്ലിയൂര്‍ പഞ്ചായത്തിലെ ഉപനിയൂര്‍ ഏലായിൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കൃഷി പുനരാരംഭിച്ചു.കൃഷിയുടെയും നെല്‍വിത്ത് വിതയ്ക്കലിന്റെയും ഉദ്ഘാടനം കേന്ദ്ര മന്ത്രി വി.മുരളീധരന് നിര്‍വഹിച്ചു. ഭക്ഷ്യ സ്വയംപര്യാപതയാണ് കേന്ദ്രസര്‍ക്കാര്‍ നയമെന്നും കാര്‍ഷിക രംഗത്ത് പുത്തന്‍ സാങ്കേതിക വിദ്യ കൊണ്ടുവന്ന് കര്‍ഷകരുടെ ജീവിത നിലവാരം കൂട്ടുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി വി.മുരളീധരന് പറഞ്ഞു. എം.വിന്‍സന്റ് എംഎല്‍എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തുകൃഷ്ണ, ജില്ലാപഞ്ചായത്തംഗം ഭഗവത് റൂഫസ്, ബ്ലോക്ക് പഞ്ചായത്തംഗം ആര്. ജയലക്ഷ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത, പഞ്ചായത്തംഗങ്ങളായ എല്‍ .മിനി, എ.മിനി, പ്രീതറാണി, സുമോദ്, സോമശേഖരന്‍ നായര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബൈജു എസ്. സൈമണ്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സിജി സൂസന് ജോര്‍ജ്, കൃഷി ഓഫീസര്‍ സ്വപ്ന, ഉപനിയൂര്‍ പാടശേഖര സമിതി കണ്‍വീനര്‍ വിവേകാനന്ദന് തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ പഞ്ചായത്തിലെ 19 ഏക്കർ സ്ഥലത്താണ് കൃഷി വീണ്ടും തുടങ്ങുന്നത്.