വിയന്ന: ചങ്ങനാശേരിയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഓസ്ട്രിയയിൽ ജീവിക്കുന്നവരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി (എഫ്ഒസി) ഓസ്ട്രിയ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാന ചടങ്ങ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങുകൾ കോവിഡിന്റെ പ്രോട്ടോകോൾ നിൽനിൽക്കുന്നതുകൊണ്ട് ജനസന്പർക്കമില്ലാതെ ഓണ്‍ലൈൻ ആയിട്ടാണ് സംഘടിപ്പിച്ചത്.
കേരളത്തിലെ വെള്ളപ്പൊക്ക സമയത്ത് വീട് നഷ്ടപ്പെട്ട സോമന്റെയും കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട എഫ്ഒസിയുടെ പ്രതിനിധി അദ്ദേഹത്തെ സന്ദർശിക്കുകയും സ്ഥിതി നേരിട്ട് മനസിലാക്കുകയും ചെയ്തു. തുടർന്ന് കൂട്ടായ്മയുടെ ജനറൽ ബോഡി യോഗത്തിൽ വീട് നിർമ്മിക്കാനുള്ള ആദ്യ പദ്ധതിക്ക് തുടക്കം കുറയ്ക്കുകയായിരുന്നു.
വീടിന്റെ താക്കോൽദാന കർമ്മം എഫ്ഒസി ഓസ്ട്രിയ പ്രസിഡന്റ് ജോഷിമോൻ എറണാകേരിൽ നിർവഹിച്ചു. കൂട്ടായ്മയിലെ അംഗങ്ങളും കമ്മിറ്റി പ്രതിനിധികളും സന്നിഹിതരായിരുന്നു. ബിജു കരിയന്പള്ളി നേതൃത്വം നൽകി.
റിപ്പോർട്ട്: ജോബി ആന്റണി
എഫ്ഒസി ഓസ്ട്രിയ കേരളത്തിൽ നിർമിച്ച ആദ്യ ഭവനത്തിന്റെ താക്കോൽ ദാനം
11:40 PM Apr 28, 2021 | Deepika.com