റോമില്‍ കവിയരങ്ങും മനോധര്‍മ നാടകവും നടത്തി

12:08 PM Apr 15, 2021 | Deepika.com
റോം : തീയെത്രോ ഇന്ത്യാനോ റോമായുടെ ആഭിമുഖ്യത്തില്‍ , ലോകനാടക ദിനമായ മാര്‍ച്ച് 27നു നടത്താനിരുന്ന, കവിയരങ്ങും മനോധര്‍മ നാടകവും ഏപ്രില്‍ 11 ഞായറാഴ്ച രാവിലെ പത്തുമണിക്ക് റോമിലെ ഏറ്റവും ചരിത്ര പ്രധാന്യമുള്ള മ്യൂസിയോ നാസിയോണേല്‍ ഡി കാസ്ററല്‍ സാന്റ് ആഞ്ചലോ മോണമെന്റിനടുത്തു വച്ച് നടത്തി. ചടങ്ങില്‍ പ്രശസ്ത ഇറ്റാലിയന്‍ നടന്‍, ശബ്ദ നടന്‍, ഹാസ്യനടന്‍, സംവിധായകന്‍, സംഗീതജ്ഞന്‍, ഗായകന്‍, ടെലിവിഷന്‍ അവതാരകന്‍ എന്നിവയില്‍ തിളങ്ങിയ ലൂയിജി പ്രോയെറ്റി ജിജിയെയും, ഒപ്പം അകാലത്തില്‍ വിട്ടുപിരിഞ്ഞ മലയാളത്തില കവികളെയും കലാകാരന്മാരെയും റോമിലെ കലാസാംസ്കാരിക കൂട്ടായ്മ അനുസ്മരിക്കുകയും ചെയ്തു.

റോമിലെ പ്രശസ്ത ഗായകനും, സംഗീത സംവിധായകനും ആയ ജോജോ ആലപ്പാട്ട് ഈ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. ജോസ് ഭാരത് വേദ ടൂര്‍സ് മുഖ്യാഥിതിയായിരുന്നു. വിന്‍സെന്റ് ചക്കാലമറ്റത്ത് അദ്ധ്യക്ഷത വഹിച്ചു.

ഇറ്റാലിയന്‍ നടന്‍ ലൂയിജി പ്രോയെറ്റിയെ ബെന്നി തോമസും, കവയത്രിയും, പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറെ ബിന്നി ഒലുക്കാരനും, പദ്മശ്രീ ജേതാവായ കവി ശ്രീ. വിഷ്ണു നാരായണന്‍ നമ്പൂതിരിയെ ബെന്നിച്ചനും, പ്രശസ്ത യുവകവി അനില്‍ പനച്ചൂരാനെ, പനച്ചൂരാന്‍ കവിതകളെ മനസ്സില്‍ കൊണ്ടു നടക്കുന്ന സാബുവും, യുവ നാടകപ്രവര്‍ത്തകനും സിനിമാ നടനും, ചാനല്‍ പ്രോഗ്രാമ്മറും കലാജീവിതത്തില്‍ അതിദൂരം യാത്ര ചെയ്യേണ്ടിയിരുന്ന അനില്‍ നെടുമാങ്ങാടിനെ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഒരുമിച്ചു പഠിയ്ക്കുയും തീയെത്രോ ഇന്ത്യാനോ റോമായുടെ സ്ഥാപകനുമായ ജോബി അഗസ്ററിനും, മഹത്വ്യക്തികളെ ഹൃദയം തൊട്ടവാക്കുകളാല്‍ അനുസ്മരിച്ചു. മുപ്പതോളം പേര്‍ പങ്കെടുത്ത ഈ അനുസ്മരണ പരിപാടിയില്‍, കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് പതിനഞ്ചു കവിത ചൊല്ലുകയും രണ്ടു പേര്‍ അഞ്ചു മിനിട്ടോളം ദൈര്‍ഘ്യമുള്ള മനോധര്‍മ്മ നാടകം അവതരിപ്പിയ്ക്കുകയും ചെയ്തു. കോവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ചു രണ്ടു മണിക്കൂര്‍ നീണ്ട അനുസ്മരണാചടങ്ങിനും കവിയരങ്ങിനും സാബു സ്കറിയ സ്വാഗതവും ബെന്നിച്ചന്‍ ജോസഫ് നന്ദിയും പറഞ്ഞു.

മ്യൂസിയോ നാസിയോണേല്‍ ഡി കാസ്ററല്‍ സാന്റ് ആഞ്ചലോ

ഇറ്റലിയിലെ റോമിലെ പാര്‍ക്കോ അഡ്രിയാനോയിലെ ഒരു വലിയ സിലിണ്ടര്‍ കെട്ടിടമാണ് കാസില്‍ സാന്റ് ആഞ്ചലോ. റോമന്‍ ചക്രവര്‍ത്തിയായ ഹാട്രിയന്‍ തനിക്കും കുടുംബത്തിനും ഒരു ശവകുടീരമായിട്ടാണ് ഇത് ആദ്യം ഉപയോഗിച്ചത്. ഒരുകാലത്ത് റോമിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു കാസ്റ്റല്‍ സാന്‍റ് ആഞ്ചലോ.

ഈ കെട്ടിത്തിന്റെ മുകളിലെ പ്രതിമ മൈക്കല്‍ ആര്‍ക്കേഞ്ചല്‍ ആണ്. ഇത് ഇപ്പോഴും റോമിന്റെ മധ്യഭാഗത്തു നിന്നും ടൈബര്‍ നദിയുടെ ഇടത് കരയില്‍ നിന്നും മനോഹരമായ ഒരു ആസ്വാദനം നല്‍കുന്നു, കൂടാതെ ക്രിസ്തുവിന്റെ അഭിനിവേശത്തിന്റെ ഉയര്‍ന്ന ഉപകരണങ്ങള്‍ കൈവശം വച്ചിരിക്കുന്ന മാലാഖമാരുടെ പ്രതിമകളും പേരുകേട്ടതാണ്.പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മാര്‍പ്പാപ്പ ഇതിന്റെ ഘടനയെ ഒരു കോട്ടയാക്കി മാറ്റി. നിക്കോളാസ് മൂന്നാമന്‍ മാര്‍പ്പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയുമായി കോട്ടയെ ബന്ധിപ്പിച്ചു. 1527 ല്‍ റോമില്‍ നിന്ന് പുറത്താക്കപ്പെട്ട ക്ളെമന്റ് ഏഴാമന്‍ മാര്‍പ്പാപ്പയുടെ അഭയകേന്ദ്രമായിരുന്നു ഈ കോട്ട, പിന്നീട് മാര്‍പ്പാപ്പ ഭരണകൂടം സാന്റ് ആഞ്ചലോയുടെ ജയിലായി ഉപയോഗിച്ചു; ഉദാഹരണത്തിന് ജിയോര്‍ഡാനോ ബ്രൂണോ ആറുവര്‍ഷം അവിടെ തടവിലായി. ശില്‍പിയും സ്വര്‍ണ്ണപ്പണിക്കാരനുമായ ബെന്‍വെനുട്ടോ സെല്ലിനിയും മാന്ത്രികനും ചാര്‍ലാറ്റന്‍ കാഗ്ളിയോസ്ട്രോയും ആയിരുന്നു മറ്റ് തടവുകാര്‍. അകത്തെ ചെറിയ മുറ്റമായിരുന്നു വധശിക്ഷ നടപ്പാക്കുന്ന സ്ഥലം. 1901 ല്‍ നിര്‍ത്തലാക്കിയ ഈ കോട്ട ഇപ്പോള്‍ ഒരു മ്യൂസിയമാണ്, മ്യൂസിയോ നാസിയോണേല്‍ ഡി കാസ്റ്റല്‍ സാന്‍റ് ആഞ്ചലോ എന്നറിയപ്പെടുന്നു.

റിപ്പോർട്ട് :ജോസ് കുമ്പിളുവേലിൽ