ഡബ്ലിൻ : പ്രശസ്ത ഗായിക പത്മഭൂഷൻ കെ.എസ്. ചിത്രയും ഭാവഗായകൻ പി.ജയചന്ദ്രനും ആലപിച്ച മനോഹര ഗാനങ്ങൾക്ക് സംഗീതം നൽകിക്കൊണ്ട് അയർലൻഡിന്റെ പ്രിയ സംഗീതജ്ഞൻ സിംസണ്‍ ജോണ്‍ മലയാള സിനിമാ സംഗീത മേഖലയിലേക്ക് .
’അന്തിക്കാട്ടെ വിശേഷങ്ങൾ’ എന്ന സിനിമയിലെ ’പകലും പോയ്മറഞ്ഞു..’ എന്ന ഗാനം കെ.എസ. ചിത്രയും ’ഇന്നെന്റെ മനസ്സിൽ....’എന്ന ഗാനം പി ജയചന്ദ്രനുമാണ് ആലപിച്ചിരിക്കുന്നത് .
ബാബു രാധാകൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ’അന്തിക്കാട്ടെ വിശേഷങ്ങളിൽ’ ജനാർദനൻ മണ്ണുമ്മൽ രചിച്ച നാലു ഗാനങ്ങൾ സിംസണനാണ് ചിട്ടപ്പെടുത്തിയത് . ചിത്ര അരുണ്‍, സാബു ജോസഫ് എന്നിവരാണ് മറ്റു ഗാനങ്ങൾ ആലപിച്ചത്. ’കിം കിം കിം..’ എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയനായ റാം സുരേന്ദർ ഈ ഗാനങ്ങൾക്ക് ഓർക്കസ്ട്രേഷൻ നിർവഹിച്ചു.
ആദ്യ ചിത്രത്തിൽ തന്നെ പ്രമുഖ പിന്നണിഗായകരായ പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര എന്നിവർക്കായി ഗാനങ്ങൾ ചിട്ടപ്പെടുത്താനായത് തന്റെ സംഗീത സപര്യയിലെ അസുലഭാവസരമാണെന്ന് സിംസണ്‍ ജോണ്‍ അഭിപ്രായപ്പെട്ടു. അയർലൻഡിൽ ഏവർക്കും സുപരിചിതനായ അനുഗ്രഹീത ഗായകൻ സാബു ജോസഫ് ഈ ചിത്രത്തിനായി പിന്നണി പാടുന്നത് മലയാളി സമൂഹത്തിന് അഭിമാനിക്കാവുന്ന മറ്റൊരു മുഹൂർത്തം കൂടിയാണ്.
’വൈഖരി’ മ്യൂസിക് ബാൻഡിലെ ലീഡ് ഗിറ്റാറിസ്റ്റും ഗായകനുമായ
സിംസണ്‍ ജോണ്‍, ഡബ്ലിൻ തപസ്യയുടെയും, ഡാളസ് ഭരതകലാ തീയറ്റേഴ്സിന്റെയും പ്രമുഖ നാടകങ്ങൾക്ക് സംഗീത സംവിധാനം നിർവഹിക്കുകയും ആദ്യകാല മലയാള സംഗീത ആൽബങ്ങളിൽ പല ഹിറ്റ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
ഇരിങ്ങാലക്കുട സ്വദേശിയാണ് സിംസണ്‍ ജോണ്‍. അയർലൻഡിൽ ഡബ്ലിൻ നാഷണൽ മെറ്റെർനിറ്റി ഹോസ്പിറ്റൽ സീനിയർ സ്റ്റാഫ് മിഡ്വൈഫായ ഭാര്യ റിന്റ ജോണ്‍, മക്കൾ: ജോവാന ജോണ്‍, ഒലീവിയ ജോണ്‍ എന്നിവരോടൊപ്പം സിംസണ്‍ നാവനിലാണ് താമസിക്കുന്നത് .
റിപ്പോർട്ട് ജെയ്സണ്‍ കിഴക്കയിൽ
അയർലൻഡിൽ നിന്നും മലയാള സിനിമക്ക് സംഗീതം നൽകി സിംസണ്‍ ജോണ്‍
11:47 PM Mar 25, 2021 | Deepika.com