ബർലിൻ: ജർമനിയിലെ ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന ഹെസൻ സംസ്ഥാനത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിർക്കെനാവു നഗരത്തിൽ പാർട്ടിരഹിതനായ ജർമനിയിലെ രണ്ടാം തലമുറക്കാരൻ മിലൻ മാപ്ലശേരി പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 14 ന് നടന്ന തെരഞ്ഞെടുപ്പിൽ മേയറായി 78.59 വോട്ടു നേടിയാണ് നാൽപതുകാരനായ മിലൻ തെരഞ്ഞെടുക്കപ്പെട്ടത്. പൊളിറ്റിക്കൽ സയസിൽ മാസ്റ്റർ ബിരുദമുള്ള മിലൻ കഴിഞ്ഞ 20 വർഷമായി മേയർ സ്ഥാനം കൈയടക്കിയിരുന്ന ചാൻസലർ അംഗല മെർക്കലിന്റെ പാർട്ടിയായ ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയനെ ഞെട്ടിച്ചു കൊണ്ടാണ് മേയർ സ്ഥാനത്തേയ്ക്ക് മൂന്നിൽ രണ്ടിലധികം ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടത്. 10,000 അധികം ജനങ്ങളാണ് ഇവിടെ അധിവസിക്കുന്നത്.
മിലന്റെ എതിരാളിയായ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയിലെ ബേണ്ഡ് ബ്രോക്കനൗറിന് 21.4 ശതമാനം വോട്ട് മാത്രമാണ് നേടാനായത്.
മിലൻ പ്രാദേശിക രാഷ്ട്രീയത്തിലേക്ക് പുതുമുഖമാണ്. മുൻ രാഷ്ട്രീയ പരിചയമോ പാരന്പര്യമോ ഒന്നും അവകാശപ്പെടാനില്ല. എന്നാൽ രാഷ്ട്രീയത്തിലെ ആദ്യത്തെ കാൽവെയ്പ്പിലും കന്നി വിജയത്തിലും ഏറെ സന്തുഷ്ടനായി ഏറെ നിഷ്പക്ഷത പുലർത്തി ബിർക്കെനാവു പ്രദേശത്തെ കൂടുതൽ പരിസ്ഥിതി സൗഹാർദ്ദ നഗരമായി മാറ്റാൻ വലിയ പ്രാധാന്യം നൽകുന്ന കുടുംബ സൗഹാർദ്ദം, ശിശു സംരക്ഷണം,പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെയായി സജ്ജമാക്കാനും ആഗ്രഹിക്കുന്നതായി മിലൻ ദീപികയോടു പറഞ്ഞു. അടുത്ത മെയ് രണ്ടിന് ഒൗദ്യോഗികമായി അധികാരമേൽക്കും. ആറുവർഷമാണ് കാലാവധി. ആകെ 31 അംഗങ്ങളുള്ള മുനിസിപ്പാലിറ്റിയിൽ സിഡിയു, എസ്പിഡി, ഗ്രീൻ പാർട്ടി എന്നീകക്ഷികളാണുള്ളത്. പാർട്ടിരഹിതനായി മിലൻ മാത്രമാണുള്ളത്.
2018 മുതൽ കുടുംബത്തോടൊപ്പം ബിർക്കെനാവുവിൽ താമസിക്കുന്ന മിലന് ഭാര്യയും രണ്ടു മക്കളുമുണ്ട്. ജർമനിയിലെ ഹൈഡൽബർഗിൽ താമസിയ്ക്കുന്ന എറണാകുളം സ്വദേശിയായ മാപ്ലശേരിൽ ജോർജ് ബേസിലിന്റെയും, മരിയയുടെയും മകനാണ് മിലൻ. മിലൻ ജനിച്ചതും വളർന്നതും ജർമനിയിലാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിലെ രണ്ടാം തലമുറക്കാരൻ മിലൻ മാപ്ലശേരി നഗരമേയർ
02:50 AM Mar 24, 2021 | Deepika.com