+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാനയുടെ തുടര്‍സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. മന്ത്രി ഇ.പി.ജയരാജന്‍

കേരളത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളിലും സാമൂഹിക സാംസ്കാരീക രംഗങ്ങളിലും ഫൊക്കാന നല്‍കുന്ന സേവനം വളരെ വിലപ്പെട്ടതാണെന്നും തുടര്‍ന്നും ഈ സഹകരണം സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുവെന്നും വ്യവസായ മന്ത
ഫൊക്കാനയുടെ തുടര്‍സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. മന്ത്രി ഇ.പി.ജയരാജന്‍
കേരളത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളിലും സാമൂഹിക സാംസ്കാരീക രംഗങ്ങളിലും ഫൊക്കാന നല്‍കുന്ന സേവനം വളരെ വിലപ്പെട്ടതാണെന്നും തുടര്‍ന്നും ഈ സഹകരണം സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുവെന്നും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. ഫൊക്കാന ടെക്‌സസ് റീജൺ ഉദ്ഘാടനവും ആഗോള വ്യവസായ സംരംഭകരുടെ കൂട്ടായ്മയായ എന്‍. ബോര്‍ഡിന്‍റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഫൊക്കാന ഓഖി ദുരിതാശ്വാസത്തിലും പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങളിലും നല്‍കിയ സഹായങ്ങളെ സര്‍ക്കാര്‍ വളരെ താല്പര്യപൂര്‍വമായാണ് കാണുന്നത്. കേരളത്തിന്‍റെ മറ്റു സംരംഭങ്ങളിലും അമേരിക്കന്‍ മലയാളികളുടെ തുടര്‍ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സന്നിഹിതനായിരുന്ന വൈലോപ്പള്ളി സാഹിത്യ അവാര്‍ഡ് ജേതാവ് ഡോ. വിളക്കുടി രാജേന്ദ്രന് ഫൊക്കാന ടെക്‌സസ് റീജണിന്‍റെ ആദരവും മന്ത്രി സമര്‍പ്പിച്ചു.

ഫൊക്കാന ടെക്‌സസ് റീജൺ “ അമ്മ മനസ്” എന്ന പേരില്‍ നടപ്പാക്കുന്ന കേരളത്തിലെ പാവപ്പെട്ട അമ്മമാര്‍ക്കുള്ള വാര്‍ഷിക വിഷുക്കൈ നീട്ടം നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനം തിരുവതാംകൂര്‍ മഹാറാണി ഗൗരിലക്ഷ്മി അശ്വതി തിരുനാള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സന്നിഹിതനായിരുന്ന ക്രിക്കറ്റര്‍ ശ്രീശാന്തിനു ഫൊക്കാനയുടെ അനുമോദനവും അവര്‍ അറിയിച്ചു.

കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് ഒരോ ജില്ലയില്‍ നിന്നും ഒരാള്‍ വീതം തിരഞ്ഞടുക്കുന്ന 14 അമ്മമാര്‍ക്ക് പതിനായിരം രൂപ പ്രതിവര്‍ഷം നല്‍കുന്ന പദ്ധതിയാണിത്. ഈ വര്‍ഷത്തെ വിഷുവിനു ഫോക്കാന മുന്‍ പ്രസിഡന്‍റ് ബി മാധവന്‍ നായര്‍ അദ്ദേഹത്തിന്‍റെ മകള്‍ ലക്ഷ്മിയുടെ ഓര്‍മ്മക്കായും, അടുത്ത വർഷം ട്രസ്റ്റീ ബോര്‍ഡംഗം ഏബ്രഹാം ഈപ്പനും മൂന്നാമത്തെ വര്ഷം മുന്‍ പ്രസിഡന്‍റ് ജി.കെ. പിള്ളയും നാലാമത്തെ വര്‍ഷം റിജണല്‍ വൈസ് പ്രസിഡന്‍റ് ഡോ. രഞ്ജിത്ത് പിള്ളയും ഫണ്ട് സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്.

ഫൊക്കാന ടെക്‌സസ് റീജണിന്‍റെ മറ്റൊരു പദ്ധതിയായ “ വിദ്യാ രത്‌നം” വിദ്യാഭ്യാസ അവാര്‍ഡിന്‍റെ ഉദ്ഘാടനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. കുട്ടികളെ വെറും സിലബസിന് അടിമകളാക്കാതെ കലയും സാഹിത്യവുമൊക്കെ പരിചയപ്പെടുത്തി കൊടുക്കേണ്ടതിന്‍റെ ആവശ്യം അദ്ദേഹം എടുത്തുപറഞ്ഞു. ചടങ്ങില്‍ സന്നിഹിതനായിരുന്ന പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് ഫോക്കാന ടെക്‌സസ് റീജണിന്‍റെ ആദരം അദ്ദേഹം സമര്‍പ്പിച്ചു.

ഹയര്‍സെക്കന്‍ഡറി ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വര്‍ഷവും ഒരുലക്ഷം രൂപ അവാര്‍ഡു നല്‍കാന്‍ റീജണൽ കമ്മിറ്റി നല്‍കുന്ന എന്‍ഡോവ്‌മെന്‍റ് ഫണ്ടില്‍ നിന്നാണ് വിദ്യാ രത്‌നം അവാര്‍ഡ് നല്‍കുന്നത്.

കെ.എസ് ശബരിനാഥ് എം എല്‍ എ, വൈറ്റ് ഹൌസ് സീനിയര്‍ എക്‌സിക്യുട്ടീവ് ഫാ. അലക്‌സാണ്ടര്‍ കുര്യന്‍ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി.

ഫൊക്കാന റീജണല്‍ വിമന്‍സ് ഫോറത്തിന്‍റെ ഉദ്ഘാടനം പ്രശസ്ത നടി ദിവ്യാ ഉണ്ണി നിര്‍വഹിച്ചു. അമേരിക്കയില്‍ സ്ഥിരതാമസമാക്കുന്നതിനു മുന്‍പ് തന്നെ ഫൊക്കാനയുമായുള്ള ബന്ധം എടുത്തുപറഞ്ഞ അവര്‍ ഹൂസ്റ്റൺ നിവാസിനി എന്ന നിലയില്‍ വിമന്‍സ് ഫോറത്തിന് എല്ലാ പിന്തുണയും റീജൺ ചെയര്‍ ലിഡ തോമസിനും സഹപ്രവര്‍ത്തകര്‍ക്കും വാഗ്ദാനം ചെയ്തു.

ഫൊക്കാന പ്രസിഡന്‍റ് ജോര്‍ജി വര്‍ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ലക്ഷ്മി ഹരിദാസ് മാസ്റ്റര്‍ ഓഫ് സെറിമണിയായി പ്രവര്‍ത്തിച്ചു. ഡോ. രഞ്ജിത്ത് പിള്ള അധ്യക്ഷത വഹിച്ചു. പ്രശസ്ത ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരം പ്രിയ ലാല്‍, അനില്‍ പി.ആര്‍ (എന്‍. ബോര്‍ഡ്), ശ്രീവത്സന്‍ നമ്പൂതിരി, ബി. മാധവന്‍ നായര്‍ (എന്‍.ബോര്‍ഡ്), ഫോക്കാന റീജണൽ കോഓര്‍ഡിനേറ്റര്‍ ജോമോന്‍ ഇടയാടി, വിനോദ് വാസുദേവന്‍ (മാഗ് പ്രസിഡന്‍റ്), ഏബ്രഹാം തോമസ് (പെയര്‍ലാന്‍റ് മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ്) , ഷൈജു ശശിമോഹന്‍ (ഗ്രേറ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ) എന്നിവര്‍ ആശംസകൾ നേർന്നു പ്രസംഗിച്ചു.

ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെമ്പര്‍ ഏബ്രഹാം ഈപ്പന്‍ നന്ദി പറഞ്ഞു. ശ്രീലക്ഷ്മി, സജിന്‍ ജയരാജ് , ദിവ്യാ നായര്‍ എന്നിവര്‍ നയിച്ച ലൈവ് ഓര്‍ക്കസ്ട്ര ചടങ്ങിനു മാറ്റ് കൂട്ടി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം