മട്ടന്നൂർ: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിമാനമിറക്കാൻ കഴിയാതെ വന്നതോടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട മൂന്നു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മസ്കറ്റ്, അബുദാബി, ദുബായ് എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങളാണ് ഇന്നലെ പുലർച്ചെ ലാൻഡിംഗ് സാധ്യമാകാതെ വന്നതോടെ തിരിച്ചുവിട്ടത്. ഇന്നലെ പുലർച്ചെ 2.50 ന് മസ്കറ്റിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിലേക്കാണ് തിരിച്ചുവിട്ടത്. തുടർന്ന് രാവിലെ 7.50 നാണ് തിരികെ കണ്ണൂരിലെത്തിയത്. പുലർച്ചെ 3.45ന് അബുദാബിയിൽനിന്നും അഞ്ചിന് ദുബായിൽനിന്നും എത്തേണ്ട ഗോ ഫസ്റ്റ് വിമാനങ്ങൾ ബംഗളൂരുവിലേക്കാണ് തിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായതിനുശേഷം രാവിലെ ഒമ്പതോടെയാണ് ഇവ തിരികെ കണ്ണൂരിലെത്തിയത്.