കൂത്തുപറമ്പ്: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപകീർത്തിപ്പെടുത്തും വിധം സമൂഹ മാധ്യമത്തിൽ കമന്റിട്ട സ്കൂൾ അധ്യാപികയ്ക്കെതിരെ കേസ്. തൊക്കിലങ്ങാടിയിലെ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക വടകര ഓർക്കാട്ടേരി സ്വദേശിനി കെ.വി.ഗിരിജക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്. കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചതിനെ തുടർന്ന് ഒരു ചാനൽ വാർത്തയുടെ കമന്റ് ബോക്സിലാണ് അധ്യാപിക വിവാദ കമന്റിട്ടത്. കമന്റ് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സ്കൂളിലെ പൂർവ വിദ്യാർഥിയും സിപിഎം അനുഭാവിയുമായ മാനന്തേരിയിലെ ജിജോ ആണ് ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത പോലീസ് തുടർ നടപടികൾക്കായി എഫ്ഐആർ എടച്ചേരി പോലീസിന് കൈമാറി.