തളിപ്പറമ്പ്: നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ തെളിവെടുപ്പിനായി തളിപ്പറന്പിലെത്തിച്ചു. പാനൂർ കൂരാറ കടേപ്രം തെരുവ് ഭാഗത്ത് ചാലിൽ വീട്ടിൽ ഫാസിലുമായാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ 24നാണ് തളിപ്പറമ്പിലെ വടക്കാഞ്ചേരി അടുക്കം, പാലകുളങ്ങര ശാസ്താ റോഡ്, കീഴാറ്റൂർ എന്നിവിടങ്ങളിൽ നിന്നായി ബൈക്കിലെത്തിയ ഇയാൾ മൂന്ന്പേരുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞത്. തുടർന്ന് ജില്ല വിട്ട പ്രതിയെ എറണാകുളം പോലീസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം പോലീസ് റിമാൻഡ് ചെയ്ത പ്രതിയെ മൂന്ന് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഇയാളുടെ പേരിൽ വിവിധ ജില്ലകളിലായി പിടിച്ചുപറി, മോഷണം, പോക്കറ്റടി കേസുകളുണ്ട്.