കണ്ണൂർ: ലോക സ്തനാർബുദ ബോധവത്കരണ മാസചരണത്തിന്റെ ഭാഗമായി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി ഒരുമാസം നീണ്ടുനിൽക്കുന്ന തീവ്ര സ്തനാർബുദ ബോധവത്കരണ പരിപാടികളും ഗ്രാമതല സ്തനാർബുദ പരിശോധന ക്യാമ്പുകളും നടത്തുന്നു. ഒക്ടോബർ ഒന്നിന് തുടങ്ങുന്ന പരിപാടി മലബാറിലെ 40 കേന്ദ്രങ്ങളിൽ നടത്തും. കോളജ് വിദ്യാർഥിനികൾ, റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ, വിവിധ ക്ലബ് അംഗങ്ങൾ, സന്നദ്ധസംഘടനാ പ്രവർത്തകർ തുടങ്ങി 4000 സ്ത്രീകളിൽ സ്തനാർബുദ ബോധവത്കരണം നടത്താനാണ് ലക്ഷ്യമിടുന്നത്. ബ്രസ്റ്റ് കാൻസർ ബ്രിഗേഡ് പദ്ധതി ഇതിനകം ഏഴു ലക്ഷം സ്ത്രീകളെ ഗുണകാംക്ഷികളാക്കിയതായും ഇതിൽ154 സ്ത്രീകളെ സ്തനാർബുദത്തിൽനിന്നും മോചിപ്പിച്ചതായും സൊസൈറ്റി അറിയിച്ചു. പ്രതിവർഷം 87,600 സ്തീകളാണ് ഇന്ത്യയിൽ സ്തനാർബുദം ബാധിച്ചു മരിക്കുന്നത്. പ്രതിവർഷം പുതുതായി കാൻസർ ബാധിതരാകുന്നവരുടെ എണ്ണം 1,62,000 ആണ്. സ്തനാർബുദ ബോധവത്കരണ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് തലശേരി സബ് കളക്ടർ അനുകുമാരി നിർവഹിക്കും. മലബാർ കാൻസർ കെയർ പ്രസിഡന്റ് ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിക്കും.