പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗങ്ങൾ ചേരുന്നതിന് കോൺഫറൻസ് ഹാൾ അനുവദിക്കുന്നതിന് നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. താലൂക്ക് വികസനസമിതി ചേരാൻ വേദികൾ ഇല്ലാതെ വാടകയ്ക്കു സ്ഥലമെടുത്തും താലൂക്ക് ഓഫീസ് വരാന്തയിൽ പോലും ചേരുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. പത്തനംതിട്ട നഗരസഭ ആധുനിക രീതിയിൽ പണികഴിപ്പിച്ച കോൺഫറൻസ് ഹാൾ അനുവദിക്കുന്നതിന് താലൂക്ക് വികസനസമിതി പത്തനംതിട്ട നഗരസഭ ചെയർമാനോട് അഭ്യർഥിച്ചതിനെത്തുടർന്നാണ് വിഷയം കൗൺസിലിൽ ചർച്ച ചെയ്തത്. വികസനസമിതിയുടെ അപേക്ഷ പരിഗണിച്ചാണ് നഗരസഭയുടെ ഔദ്യോഗിക പരിപാടികൾ ഇല്ലാത്തപക്ഷം എല്ലാമാസവും ആദ്യത്തെ ശനിയാഴ്ച സൗജന്യമായി ഹാൾ വിട്ടുനൽകാൻ തീരുമാനിച്ചത്.