തൃക്കരിപ്പൂര്‍: നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഓട്ടോയിലിടിച്ച് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ബംഗാള്‍ സ്വദേശികളായ രത്തിന്(33), പുലത് സര്‍ക്കാര്‍(26)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡില്‍ ചോര വാര്‍ന്നുകിടന്ന കാഴ്ച കണ്ട് ബോധരഹിതയായ വഴിയാത്രക്കാരി നടക്കാവിലെ ടി.ശ്രുതിയെ തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കാവ് അഗ്നി രക്ഷാ നിലയത്തിന് മുന്നില്‍ ഇന്നലെ രാവിലെ 10 നായിരുന്നു അപകടം. നിര്‍ത്തിയിട്ട ബസിന് പിന്നില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച സ്കൂട്ടര്‍ എതിരേ വന്ന ഓട്ടോയിലിടിക്കുകയായിരുന്നു.