തൃക്കരിപ്പുര്‍: കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ പ്രാഥമിക ഘട്ട മല്‍സരങ്ങള്‍ ഇന്നുമുതല്‍ ഒക്ടോബര്‍ അഞ്ചുവരെ നടക്കാവ് രാജീവ്ഗാന്ധി സിന്തറ്റിക് ടര്‍ഫില്‍ നടക്കും. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, എഫ്സി കേരള, എംഎ കോളജ്, ഫാറൂഖ് കോളജ്, പയ്യന്നൂര്‍ കോളജ്, എഎഫ്സി അമ്പലവയല്‍, ആലപ്പി എഫ്സി, തൃശൂര്‍ സേക്രഡ് ഹാര്‍ട്ട്, ബൈസന്റയിന്‍ കൊച്ചിന്, ഐഫ കൊപ്പം, കാസർഗോഡ് ജില്ലയില്‍നിന്നുള്ള ഏക ടീമായ പടന്ന ഷൂട്ടേഴ്സ് യുണൈറ്റഡ് എന്നിങ്ങനെ 11 ടീമുകളാണ് യോഗ്യതാറൗണ്ടില്‍ ഏറ്റുമുട്ടുക. ടൂര്‍ണമെന്റിലെ ഫൈനലിസ്റ്റുകളും ലൂസേഴ്സ് ഫൈനലില്‍ വിജയം നേടുന്ന ടീമും കേരള പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് വീരമണി ചെറുവത്തൂര്‍, സെക്രട്ടറി ടി.കെ.എം. റഫീഖ്, പി. ജസീം, പി. ഹക്കിം, എ. ജാഫര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.