ചെമ്പേരി: സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നവർ പുതിയ വരുമാന സർട്ടിഫിക്കറ്റ് നൽകണമെന്ന നിർദേശം നടപ്പാക്കുമ്പോൾ അതിനുള്ള മാനദണ്ഡങ്ങളും പുതുക്കി നിശ്ചയിക്കണമെന്ന് ഏരുവേശി ഗ്രാമപഞ്ചായത്ത് കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) ജനറൽബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ വയോജനങ്ങൾക്ക് സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നതിന് വരുമാന പരിധി അഞ്ച് വർഷം മുൻപ് ഒരു ലക്ഷം രൂപയിൽ താഴെയായിരുന്നു. ഇപ്പോൾ അതേ വരുമാന പരിധിയിൽ തന്നെ വരുമാന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പ്രയാസം നേരിടുന്നുണ്ട്. ആയതുകൊണ്ട് വരുമാന പരിധി മൂന്നു ലക്ഷമായി ഉയർത്തണമെന്ന് ചെമ്പേരി ദേശീയ വായനശാലാ ഹാളിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. വയോജനവേദി ഇരിക്കൂർ ബ്ലോക്ക് ചെയർമാൻ ഏബ്രഹാം തോണക്കര ഉദ്ഘാടനം ചെയ്തു. കെ.പി.മുകുന്ദൻ അധ്യക്ഷത വഹിച്ചു. പി.എം. ജോസഫ്, പഞ്ചായത്ത് മെമ്പർ ജസ്റ്റിൻ, ജോണി മുണ്ടക്കൽ, മാത്യു ചെരുവിൽ എന്നിവർ പ്രസംഗിച്ചു. നിലവിലുള്ള 1600 രൂപയുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.