പയ്യാവൂർ: സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ലഹരിമുക്ത കാമ്പസ് പരിപാടി ഏറ്റെടുത്തു കൊണ്ട് പയ്യാവൂർ ഗ്രാമ പഞ്ചായത്ത് കർമ പദ്ധതി തയറാക്കി. ലഹരിമുക്ത കാമ്പസ് - സമുഹം എന്ന പേരിലുള്ള കർമ പദ്ധതിയുടെ ഉദ്ഘാടം ഒക്ടോബർ ഒന്നിന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും. പൈസക്കരി ദേവമാതാ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖരൻ മുഖ്യാതിഥി ആയിരിക്കും. സർക്കാർ നിശ്ചയിച്ച പരിപാടികൾക്കു പുറമേ കാര്യക്ഷമവും പ്രായോഗികവുമായ പ്രവർത്തനങ്ങളാണ് പഞ്ചായത്ത് ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച് പഞ്ചായത്ത്തല ശില്പശാല ബഹുജന പങ്കാളിത്തത്തോടെ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളിൽ നടത്തിയിരുന്നു. പ്രധാനമായും നാല് തലങ്ങളിലാണ് പ്രവർത്തനം സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിലെ പ്രവർത്തനങ്ങളാണ് ഇതിൽ ഒന്നാമത്. ഇതിനായി ' ഫാൻ, (ഫൈറ്റേഴ്സ് എഗെനിസ്റ്റ് നാർക്കോട്ടിസം ) എന്ന സംഘടന രൂപീകരിക്കും. സ്കൂളുകളിൽ പ്രവർത്തിച്ച് വരുന്ന സന്നദ്ധ സംഘടനകളിലൊന്നും പ്രവർത്തിക്കാത്ത കുട്ടികൾക്കാണ് സംഘടനയിൽ പ്രവേശനം നൽകുന്നത്. തുടർച്ചയായ പരിശീലനം നൽകി കൊണ്ട് ഫാൻ അംഗങ്ങളുടെ നേതൃത്വത്തിൽ പത്ത് വിദ്യാർത്ഥികൾ ഉൾപ്പെടുന്ന സൗഹൃദ സദസുകൾ രൂപീകരിക്കും. കുട്ടികളിൽ ഏതെങ്കിലും തരത്തിലുള്ള പ്രവണതകൾ കണ്ടെത്തിയാൽ ചുമതലകളുള്ള അധ്യാപകരും രക്ഷിതാക്കളും തക്കസമയത്ത് ഇടപെടുന്ന രീതിയിലാണ് പ്രവർത്തനം സംഘടിപ്പിക്കുന്നത്. വിദ്യാലയങ്ങളുടെ കാന്പസിന്റെ സംരക്ഷണ പ്രവർത്തനമാണ് രണ്ടാമത്തെ തലം. വൈകുന്നേരം ആറിന് ശേഷം ആരേയും പ്രവേശിപ്പിക്കാതെ കാന്പസിന്റെ സംരക്ഷണം രക്ഷകർത്താക്കൾ ഏറ്റെടുക്കും.മോശമായ പ്രവർത്തനക്കൾക്ക് വിധേയരാകുന്ന കുട്ടികളുടെ ഭവനങ്ങൾ തേടിയെത്തി കൗൺസിലിംഗ് ഉൾപ്പെടെ ഏർപ്പെടുത്തി വീടുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുക. ജനമൈത്രി പോലീസ്, ജനപ്രതിനിധികൾ ഇവരുടെ സജീവ ഇടപെടൽ ഇക്കാര്യത്തിൽ ഉറപ്പു വരുത്തും. പൊതു ഇടങ്ങളുടെ സംരക്ഷണമാണ് നാലാമത്തെ തലം. പയ്യാവൂർ ഗ്രാമ പഞ്ചായത്തിന്റെ എല്ലാ കവാടങ്ങളിലും മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കൽ, ലഹരി സ്പോട്ടുകൾ കണ്ടെത്തി ബഹുജന,പോലീസ് ഇടപെടൽ സാധ്യമാക്കൽ, കടകളിലെ മിഠായി ഉൾപ്പെടെയുള്ളവയുടെ പരിശോധന, പുകയില ഉത്പന്നങ്ങൾക്കായുള്ള റെയ്ഡുകൾ,അതിഥി തൊഴിലാളികളുടെ പഞ്ചായത്തുതല രജിസ്ട്രേഷൻ ഇവരുടെ താമസ സ്ഥലങ്ങൾ നിരീക്ഷിക്കൽ , അവധി കഴിഞ്ഞ് തിരികെയെത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കൽ, ഉൾപ്പെടെ നിരവധി കാര്യങ്ങളാണ് സാജു സേവ്യർ അവതരിപ്പിച്ച കർമപദ്ധതിയിലുള്ളത്.