ജര്‍മനിയില്‍ ഒറ്റ ദിവസം ആയിരത്തിലധികം കോവിഡ് മരണം

01:56 AM Jan 01, 2021 | Deepika.com
ബര്‍ലിന്‍: ജര്‍മനിയില്‍ കോവിഡ് രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ഇതാദ്യമായി ഒറ്റ ദിവസം ആയിരത്തിലധികം പേര്‍ രോഗം ബാധിച്ച് മരിച്ചു. 1129 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് കാരണം ജീവന്‍ നഷ്ടമായത്.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 32,100 പിന്നിട്ടു. 24 മണിക്കൂറിനിടെ 22,459 പേര്‍ക്ക് പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

അതേസമയം, രാജ്യത്തെ രോഗവ്യാപന നിരക്ക് കുറയുന്നതിന്‍റെ സൂചനകളും ലഭ്യമാകുന്നതായാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. 0.67 ആണിപ്പോള്‍ ആര്‍- റേറ്റ്. അതായത് രോഗബാധിതരായ നൂറു പേര്‍ മറ്റ് 67 പേരിലേക്ക് രോഗം പടര്‍ത്തുന്നു.

ആര്‍~റേറ്റ് ഒന്നിനു താഴെയാണെങ്കില്‍ രോഗവ്യാപനത്തിന്റെ വേഗം കുറയുന്നു എന്നാണ് അര്‍ഥം. നിലവില്‍ സാക്സണിയിലാണ് വ്യാപനം ഏറ്റഴും കൂടുതല്‍. തുരിംഗിയ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് ലോവര്‍ സാക്സണിയിലും മെക്കലന്‍ബര്‍ഗ് വെസ്റ്റേണ്‍ പോമറേനിയയിലുമാണ്.

ഡിസംബർ 27 ന് വാക്സിനേഷൻ ആരംഭിച്ച ജർമനിയിൽ മൂന്നു ദിവസം പിന്നിടുന്പോൾ 80,000 ത്തിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകിയതായി കൊറോണ നടപടി നിയന്ത്രണ സ്ഥാപനമായ ആർകെഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബർ 30 നു രാവിലെ വരെയുള്ള പ്രതിരോധ കുത്തിവയ്പ് നൽകിയതിന്‍റെ കണക്കാണിത്.

ആഗോളതലത്തിൽ കൊറോണപ്പട്ടികയിൽ പത്താം സ്ഥാനമുള്ള ജർമനിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25,000 ഓളം പുതിയ രോഗികളും 1129 പുതിയ മരണങ്ങളും രേഖപ്പെടുത്തിയതായി ശനിയാഴ്ച ആർകെ ഐ അറിയിച്ചു. അണുവ്യാപനം 0,67 എന്ന അനുപാതത്തിലാണ് നിൽക്കുന്നത്.

ജർമനിയിൽ ആകെ രോഗബാധിതരുടെ എണ്ണം 17,35,819 ആയി ഉയർന്നപ്പോൾ ആകെ മരണം 33,917 ആയി ഉയർന്നു. രാജ്യത്തെ സജീവ കേസുകൾ 4 ലക്ഷത്തോട് അടുക്കുന്നു. 5600 അധികം സീരിയസ് കേസുകൾ രാജ്യത്തുണ്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ