ഫാ. ജോസ് അന്ത്യാംകുളത്തിന്‍റെ പൗരോഹിത്യ രജത ജൂബിലി ഭക്തിനിർഭരമായി ആഘോഷിച്ചു

08:23 PM Dec 31, 2020 | Deepika.com
ലണ്ടൻ:ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സ്പിരിച്വൽ കമ്മീഷൻ ചെയർമാനും ലണ്ടൻ വാൾത്താം സ്റ്റേ റെയ്നാം മിഷൻ ഡയറക്ടറുമായ ഫാ. ജോസ് അന്ത്യാംകുളത്തിന്‍റെ പൗരോഹിത്യ രജത ജൂബിലി ഡിസംബർ 27നു ഭക്തിനിർഭരമായി ആഘോഷിച്ചു.

ഉച്ചകഴിഞ്ഞു രണ്ടിന് ഇടവക വികാരി കാനൻ നൈൽ ഹാരിംഗ്ടണിന്‍റെ ആശംസ പ്രസംഗത്തോടെ ആരംഭിച്ച കൃതജ്ഞതാ ബലിയിൽ കോവിഡ് നിർബന്ധനകളോടെ നൂറിൽപരം കുടുംബാംഗങ്ങൾ പങ്കെടുത്തു. വിശുദ്ധ കുർബാനക്കുശേഷം സൺഡേ സ്കൂൾ, വനിതാഫോറം, കുടുംബ കൂട്ടായ്മ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സ്നേഹോപഹാരം സമ്മാനിച്ചു.

വൈകുന്നേരം ഏഴിന് ആരംഭിച്ച വെർച്വൽ ജൂബിലി ആഘോഷത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാന്പിക്കൽ ഫാ. ജോസ് അന്ത്യാംകുളത്തിന് ആശിർവാദവും ആശംസകളും നേർന്നു. തുടർന്നു റവ. ഡോ. ആന്‍റണി ചുണ്ടലിക്കാട്ട്, ഫാ. ജോർജ് ചേലയ്ക്കൽ, ലണ്ടൻ റീജണൽ കോഓർഡിനേറ്റർ ഫാ. ടോമി എടാട്ട്, കുടുംബകൂട്ടായ്മ ചെയർമാൻ ഫാ. ഹാൻസ് പുതിയകുളങ്ങര, ലണ്ടൻ കമ്യൂണിറ്റി ചാപ്ലിയൻ ഫാ. ജോൺസൻ അലക്സാണ്ടർ, ക്നാനായ മിഷൻ ഡയറക്ടർ ഫാ. ജോഷി ഫിലിപ്പ് തുടങ്ങിയവർ ആശംസകൾ നേർന്നു.

ജൂബിലി ആഘോഷം അങ്ങേയറ്റം ഭക്തിനിർഭരമാക്കുവാൻ പ്രയത്നിച്ച കൈക്കാരന്മാർക്കും കമ്മിറ്റി അംഗങ്ങൾക്കും പങ്കെടുത്ത എല്ലാവർക്കും ഫാ. ജോസ് അന്ത്യാംകുളം നന്ദി പറഞ്ഞു.